നൂഹ്(ഹരിയാന)> നൂഹിൽ അധികൃതർ അന്യായമായി തകർത്ത വ്യാപാരസ്ഥാപനങ്ങളുടെ ഉടമകൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് സ്ഥലം സന്ദർശിച്ച സിപിഐ എം പ്രതിനിധി സംഘം ആവശ്യപ്പെട്ടു. കടകൾ പൊളിച്ചതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക, നൂഹിൽ ഇന്റനെറ്റ് പുനഃസ്ഥാപിക്കുക, ആരാധന സ്വാതന്ത്ര്യം ഉറപ്പാക്കുക എന്നീ ആവശ്യങ്ങളും സംഘം ഉന്നയിച്ചു. പൊളിറ്റ്ബ്യൂറോ അംഗം നീലോൽത്പൽ ബസു, എംപിമാരായ എ ശിവദാസൻ, എ എ റഹിം, ഹരിയാന സംസ്ഥാന സെക്രട്ടറിയറ്റംഗം ഇന്ദർജിത് സിങ് എന്നിവരടങ്ങുന്ന സംഘമാണ് നൂഹിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചത്.
കലാപത്തിനും ന്യൂനപക്ഷവിഭാഗത്തെ ലക്ഷ്യമിട്ട് സർക്കാർ നടത്തിയ ബുൾഡോസർ പ്രയോഗത്തിനും ശേഷം നൂഹ് സന്ദർശിച്ച ആദ്യത്തെ പ്രതിപക്ഷ പാർടി സംഘമാണ് സിപിഐ എമ്മിന്റേത്. നൂഹിൽ സാധാരണജനങ്ങൾ നേരിടുന്ന പ്രയാസങ്ങൾ പാർലമെന്റിൽ ഉന്നയിക്കുമെന്ന് എംപിമാർ പറഞ്ഞു.