കൊല്ലം > ലാഭവിഹിതമായ 6 കോടി രൂപ സർക്കാരിന് കൈമാറി പൊതുമേഖലാ വ്യവസായ സ്ഥാപനമായ കേരളാ മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ്( കെഎംഎംഎൽ). 2022-23 വര്‍ഷത്തെ ലാഭവിഹിതമായാണ് 6 കോടി 18 ലക്ഷം രൂപ ഓണക്കാലത്തിന് മുൻപായി കൈമാറിയതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. മൂലധനത്തിന്റെ 20 ശതമാനമാണിത്. 2022-23 വർഷം 103.58 കോടി രൂപ ലാഭം നേടിയ കെഎംഎംഎൽ 896.4 കോടിയുടെ വിറ്റുവരവും സ്വന്തമാക്കിയിരുന്നു. കെഎംഎംഎല്ലിന്റെ മിനറല്‍ സെപ്പറേഷന്‍ യൂണിറ്റാണ് ഇത്തരത്തിൽ ഉയർന്ന ലാഭത്തിന് കുതിപ്പേകിയത്.
മിനറല്‍ സെപ്പറേഷന്‍ യൂണിറ്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലാഭമായിരുന്നു ഈ വർഷം നേടിയ 89 കോടി രുപ. കഴിഞ്ഞ വർഷം 17.6 കോടി മാത്രമായിരുന്നു യൂണിറ്റിന്റെ ലാഭം. ഒപ്പം സില്ലിമനൈറ്റിന്റെ ഉല്പാദനത്തിലും വിപണത്തിനും റെക്കോര്‍ഡ് നേട്ടം കൈവരിച്ചു. 8855 ടണ്‍ സില്ലിമനൈറ്റ് ഉല്പാദനം നടത്തിയ സ്ഥാപനം 8230 ടണ്‍ വിപണനവും നടത്തി. 2019ല്‍ മിനറല്‍ സെപ്പറേഷന്‍ യൂണിറ്റില്‍ നടത്തിയ പ്ലാന്റ് നവീകരണവും യൂണിറ്റിനെ മികച്ച നേട്ടം കൈവരിക്കുന്നതിന് സഹായിച്ചു.
കരിമണലില്‍ നിന്ന് ധാതുക്കള്‍ വേര്‍തിരിക്കുന്ന നവീന സംവിധാനമായ ‘ഫ്രോത്ത് ഫ്ളോട്ടേഷന്‍’ നടപ്പാക്കുകയും നൂതന സില്ലിമനൈറ്റ് റിക്കവറി സിസ്റ്റം കമ്മീഷന് ചെയ്യുകയും ചെയ്തു. ഒപ്പം സര്‍ക്കാര്‍ നേരിട്ട് ഇടപെട്ട് തോട്ടപ്പള്ളിയില്‍ നിന്ന് കരിമണല്‍ എത്തിച്ചത് ഉല്പാദനത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ ക്ഷാമം ഇല്ലാതാക്കുകയും മികച്ച ഉല്പാദനം നടത്തുന്നതിന് സഹായകരമാവുകയും ചെയ്തതായും മന്ത്രി പറഞ്ഞു.