തിരുവനന്തപുരം> നിർമിത ബുദ്ധിയടക്കമുള്ള സാങ്കേതികവിദ്യാ മുന്നേറ്റം ജീവനക്കാരിൽ ഉയർത്തുന്ന വെല്ലുവിളി നേരിടാൻ നൈപുണ്യ വികസനത്തിന് പദ്ധതികളുമായി ഐടി കമ്പനികൾ. സംസ്ഥാന സർക്കാരിന്റെ ഐടി പാർക്കുകളിൽ പ്രവർത്തിക്കുന്ന വൻകിട കമ്പനികളാണ് നൈപുണ്യ വികസനത്തിന് ജീവനക്കാർക്ക് അവസരമൊരുക്കുന്നത്. അതേ സമയം, ചെറു കമ്പനികളിലെ ജീവനക്കാർ ഓൺലൈൻ അടക്കമുള്ള മറ്റ് പ്ലാറ്റ്ഫോമുകളെ ഇതിനായി ഉപയോഗപ്പെടുത്തുന്നു.
പുത്തൻ സാങ്കേതികവിദ്യകളുടെ കടന്നുവരവോടെ തൊഴിൽ നഷ്ടമാകുകയോ, സ്ഥാനക്കയറ്റം തടയപ്പെടുകയോ ചെയ്യുന്ന അവസ്ഥയുണ്ട്. ഈ സാഹചര്യത്തിലാണ് ഐടി ജീവനക്കാർ തങ്ങളുടെ കഴിവുകൾ അനുദിനം നവീകരിക്കേണ്ടിവരുന്നത്.
സൈബർ സെക്യൂരിറ്റി, ക്ലൗഡ് ഇൻഫ്രാസ്ട്രാക്ചർ മാനേജ്മെന്റ്, ഡാറ്റാ വിഷ്വലൈസേഷൻ, ഡാറ്റാ അനാലിസിസ് തുടങ്ങിയ പുതിയ മേഖലകളിലെ വൈദഗ്ധ്യമാണ് ആവശ്യമായിവരുന്നത്. ഐടി കമ്പനികളിലെ ഇതര തൊഴിലുകളിൽപോലും പുതിയ സാങ്കേതികവിദ്യകളെകുറിച്ച് അടിസ്ഥാന ധാരണയുണ്ടാകേണ്ടത് ആവശ്യമായിട്ടുണ്ട്.
വൻകിട കമ്പനികൾ നിലവിലെ ജീവനക്കാരെ അപ്സ്കിൽ ചെയ്യാനും അവരെതന്നെ കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനും താൽപ്പര്യപ്പെടുന്നുണ്ട്. സാങ്കേതിക രംഗത്തുണ്ടായ കുതിപ്പാണ് ഐടി രംഗത്ത് അടുത്തിടെ പുതിയ തൊഴിലവസരങ്ങൾക്ക് വഴിതെളിച്ചതെന്നും എന്നാൽ, അപ്സ്കില്ലിങ്ങിലൂടെ മാത്രമേ ഈ തൊഴിലവസരം പ്രയോജനപ്പെടുത്താനാകൂവെന്നും വിദഗ്ധർ വിലയിരുത്തുന്നു.
പ്രൊഫഷണലുകൾ മുന്നിലുള്ള അവസരം ഫലപ്രദമായി വിനിയോഗിക്കാൻ വൈദഗ്ധ്യം വർധിപ്പിക്കേണ്ടതുണ്ടെന്ന് ‘ക്വസ്റ്റ് ഗ്ലോബൽ’ ഗോബൽ ഹ്യൂമൻ റിസോഴ്സ് വൈസ് പ്രസിഡന്റ് സോണിയ കുട്ടി പറഞ്ഞു. പരിചയസമ്പത്തിന് കാര്യമായ പ്രാധാന്യമില്ലാത്ത കാലത്തേക്കാണ് പോകുന്നതെന്നും അപ്ടുഡേറ്റ് ആകുകയാണ് പ്രധാനമെന്നും ടെക്നോപാർക്ക് ആസ്ഥാനമായ കമ്പനി ഫയ ഇന്നോവഷൻസ് സിഇഒ ദീപു എസ് നാഥ് പറഞ്ഞു.
നൈപുണ്യവികസനത്തിന് തയ്യാറായി
83 ശതമാനം ജീവനക്കാർ
ഗ്രേറ്റ് ലേണിങ്ങിന്റെ പഠന റിപ്പോർട്ട് അനുസരിച്ച് 2022ൽ 43 ശതമാനം പ്രൊഫഷണലുകൾക്ക് നൈപുണ്യവികസനത്തിലൂടെ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളിൽതന്നെ കരിയർ വളർച്ച നേടാനായി. 23 ശതമാനം പേർക്ക് തൊഴിൽ മാറ്റത്തിനും 18 ശതമാനം പേർക്ക് പുതിയ ജോലി നേടാനും സഹായിച്ചു. ഈ വർഷം 83 ശതമാനം ജീവനക്കാരും നൈപുണ്യവികസനത്തിന് പദ്ധതിയിടുന്നു. പുരുഷ ജീവനക്കാരിൽ 83 ഉം സ്ത്രീകളിൽ 80 ഉം ശതമാനം നൈപുണ്യ വികസനത്തിന് തയ്യാറാണ്.