ചെന്നൈ
പാകിസ്ഥാനെ തകർത്ത് ഇന്ത്യയുടെ വിക്ടറി മാർച്ച്. ഏഷ്യൻ ചാമ്പ്യൻസ് ഹോക്കിയിൽ സെമിയിലേക്ക് മുന്നേറിയ ഇന്ത്യയുടെ വിജയം എതിരില്ലാത്ത നാല് ഗോളിന്. തോൽവിയോടെ പാകിസ്ഥാൻ പുറത്തായി. ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് ഇരട്ടഗോൾ നേടി. ജുഗ്രാജ് സിങ്ങും ആകാശ്ദീപ് സിങ്ങും പട്ടിക തികച്ചു. നാളെ സെമിയിൽ ഇന്ത്യ ജപ്പാനെ നേരിടും. മലേഷ്യയും ദക്ഷിണകൊറിയയും തമ്മിലാണ് മറ്റൊരു സെമി. ഇന്ത്യ അഞ്ച് കളിയിൽ 13 പോയിന്റുമായി ഒന്നാമതെത്തി. ജപ്പാനോടുമാത്രമാണ് സമനിലയിൽ കുടുങ്ങിയത്. 20 ഗോളടിച്ചപ്പോൾ തിരിച്ചുവാങ്ങിയത് അഞ്ചെണ്ണംമാത്രം. മലേഷ്യക്ക് 12 പോയിന്റുണ്ട്. മത്സരത്തിനുമുമ്പ് പാകിസ്ഥാനും ദക്ഷിണകൊറിയക്കും ജപ്പാനും അഞ്ച് പോയിന്റ് വീതമായിരുന്നു. മൂന്നുതവണ ചാമ്പ്യൻമാരായ പാകിസ്ഥാന് വൻതോൽവി പുറത്തേക്കുള്ള വഴിയൊരുക്കി. ഗോൾശരാശരിയിൽ പാകിസ്ഥാൻ പിന്നിലായി. അഞ്ച് കളിയിൽ ഒറ്റ പോയിന്റുമായി ചൈനയും പുറത്തായി.
പാകിസ്ഥാനെതിരെ കളിയിൽ ഉടനീളം ഇന്ത്യക്കായിരുന്നു ആധിപത്യം. പെനൽറ്റി കോർണർ മുതലാക്കുന്നതിൽ മിടുക്ക് കാണിച്ച ടീം മികച്ച ഫീൽഡ് ഗോളുമൊരുക്കി. ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ തിളങ്ങിയ ഇന്ത്യ സ്വന്തം കാണികൾക്കുമുമ്പിൽ എതിരാളിയെ നിഷ്പ്രഭമാക്കി. മറ്റു മത്സരങ്ങളിൽ ജപ്പാൻ 2–-1ന് ചൈനയെ തോൽപ്പിച്ച് സെമിയിലേക്ക് കയറി. മലേഷ്യ ഒരു ഗോളിന് ദക്ഷിണകൊറിയയെ കീഴടക്കി.















