ലൊസ് ആഞ്ചലസ്
ബുധനാഴ്ച 100 ദിനം പൂർത്തിയായിട്ടും തീർപ്പാകാതെ ഹോളിവുഡ് സമരം. മെയ് രണ്ടിനാണ് മെച്ചപ്പെട്ട കോൺട്രാക്ട് വ്യവസ്ഥകൾ ആവശ്യപ്പെട്ട് റൈറ്റേഴ്സ് ഗിൽഡ് ഓഫ് അമേരിക്കയുടെ നേതൃത്വത്തിൽ ബോളിവുഡ് തിരക്കഥാ കൃത്തുക്കൾ സമരം തുടങ്ങിയത്. വൻകിട സ്റ്റുഡിയോകൾ എഴുത്തുകാർക്ക് മെച്ചപ്പെട്ട വേതനം നൽകണമെന്നും തങ്ങളുടെ തൊഴിലിനെ ബാധിക്കുംവിധം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അമിതോപയോഗം പാടില്ലെന്നുമായിരുന്നു ആവശ്യം. അനുകൂലമായി പ്രതികരിക്കാൻ വാർണർ ബ്രോസ് ഉൾപ്പെടെയുള്ള വൻകിട സ്റ്റുഡിയോകൾ തയ്യാറായിട്ടില്ല.
എഴുത്തുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും മെച്ചപ്പെട്ട വേതനം ആവശ്യപ്പെട്ടും ജൂലൈ 14 മുതൽ അഭിനേതാക്കളും സമരം ആരംഭിച്ചതോടെ ഹോളിവുഡ് നിശ്ചലമായി. ചിത്രീകരണം, റെക്കോഡിങ്, പ്രചാരണം ഉൾപ്പെടെ ഒരു പരിപാടിയിലും പങ്കെടുക്കില്ലെന്ന് മുൻനിര താരങ്ങളടക്കം പ്രഖ്യാപിച്ചു. 1960നു ശേഷം ആദ്യമായാണ് ഇരുസംഘടനകളും ഒരുമിച്ച് സമരം ചെയ്യുന്നത്. 1985ലും 2007–- 2008ൽ 100 ദിവസവും എഴുത്തുകാർ സമരം ചെയ്തിരുന്നു.
ലൊസ് ആഞ്ചലസിൽ
പണിമുടക്കി ആയിരങ്ങൾ
ആരോഗ്യകരമായ തൊഴിൽസാഹചര്യങ്ങൾ ആവശ്യപ്പെട്ട് ലൊസ് ആഞ്ചലസിൽ ആയിരക്കണക്കിന് തൊഴിലാളികൾ പണിമുടക്കി. ശുചീകരണത്തൊഴിലാളികൾ ഉൾപ്പെടെ 11,000 പേരാണ് ചൊവ്വാഴ്ച 24 മണിക്കൂർ പണിമുടക്കിയത്. ലൊസ് ആഞ്ചലസ് അന്താരാഷ്ട്ര വിമാനത്താവളമടക്കം വിവിധയിടങ്ങളിൽ പ്രതിഷേധ യോഗങ്ങൾ ചേർന്നു.















