ന്യൂഡൽഹി> ലോക്സഭയിൽ ബിജെപി അംഗം നിഷികാന്ത് ദുബെ ‘ദേശദ്രോഹികൾ’ എന്ന് വിശേഷിപ്പിച്ച് സിപിഐ എമ്മിനും മുൻ ജനറൽ സെക്രട്ടറിക്കും എതിരായി നടത്തിയ പരാമർശങ്ങളെ പാർടി പൊളിറ്റ്ബ്യൂറോ ശക്തിയായി അപലപിച്ചു. വ്യവസ്ഥാപിതമായ എല്ലാ പാർലമെന്ററി നടപടിക്രമങ്ങളും നഗ്നമായി ലംഘിച്ചാണ് ദുബെ ഈ ആരോപണം ഉന്നയിച്ചത്.
ഇതു തെളിയിക്കാൻ ‘ആയിരക്കണക്കിന് മെയിൽ ’ ഹാജരാക്കാൻ ആഗ്രഹിക്കുന്നതായും ദുബെ പറഞ്ഞു. അദ്ദേഹം അങ്ങനെ ചെയ്യട്ടെ; അതുവഴി ഈ ആരോപണത്തിന്റെ പൊള്ളത്തരം വ്യക്തമാകും. ഇത് ഏറ്റുപിടിച്ച് ഒരുവിഭാഗം മാധ്യമങ്ങൾ നടത്തുന്ന അപവാദപ്രചാരണവും അപലപനീയമാണ്. സിപിഐ എമ്മിന്റെ രാഷ്ട്രീയവും പ്രത്യയശാസ്ത്രവും തുറന്ന പുസ്തകമാണ്. ഹിന്ദുത്വ വർഗീയ ആശയത്തെ ഏറ്റവും സുസ്ഥിരമായി എതിർക്കുന്നത് ഇടതുപക്ഷമാണെന്ന് ബിജെപിക്ക് നന്നായി അറിയാം. അതുകൊണ്ടാണ് ഈ വൃത്തികെട്ട പ്രചാരണമെന്ന് പൊളിറ്റ്ബ്യൂറോ ചൂണ്ടിക്കാട്ടി.