ന്യൂഡൽഹി
ഹരിയാനയിലെ നൂഹിൽ കോൺഗ്രസ് പ്രതിനിധി സംഘത്തെയും പൊലീസ് തടഞ്ഞു. പ്രദേശത്ത് നിരോധനാജ്ഞ നിലനിൽക്കുന്നത് ചൂണ്ടിക്കാട്ടിയാണ് പത്തംഗ സംഘത്തെ വിലക്കിയത്. നേരത്തെ സിപിഐ സംഘത്തിനും സിപിഐ എം സംഘത്തിനും ഹരിയാന പൊലീസ് അനുമതി നിഷേധിച്ചിരുന്നു. എന്നാൽ ഗുരുഗ്രാമിൽ സംഘപരിവാർ പ്രവർത്തകർ പങ്കെടുത്ത പഞ്ചായത്തിന് അനുമതി നൽകി. നൂറുകണക്കിന് പൊലീസുകാരെ വിന്യസിച്ച് സംരക്ഷണം ഉറപ്പാക്കുകയും ചെയ്തു.
ഹരിയാനയിൽ ബിജെപി സർക്കാരും പൊലീസും തികച്ചും പക്ഷപാതപരമായി പെരുമാറുന്നുവെന്ന ആക്ഷേപങ്ങളെ ശരിവയ്ക്കുന്നതാണ് പ്രതിപക്ഷ സംഘങ്ങൾക്ക് ഏർപ്പെടുത്തുന്ന വിലക്ക്. ജനങ്ങളെ നേരിൽ കണ്ട് പ്രശ്നങ്ങൾ മനസ്സിലാക്കാനും സമാധാനത്തിനായി അഭ്യർഥിക്കാനുമാണ് എത്തിയതെന്ന് കോൺഗ്രസ് സംഘത്തിലുണ്ടായിരുന്ന ഭൂപീന്ദർ ഹൂഡ പറഞ്ഞു. വലിയ സംഘം പൊലീസിനെ വിന്യസിച്ചാണ് തടഞ്ഞത്.
ഇത്രയും പൊലീസുകാരെ കലാപദിവസം വിന്യസിച്ചിരുന്നുവെങ്കിൽ അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നും ഹൂഡ പറഞ്ഞു.














