തിരുവനന്തപുരം > നഗരത്തിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ ബീമാപള്ളിയിൽ നിർമിക്കുന്ന അമിനിറ്റി സെന്ററിന് 2.58 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചതായി ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. ടൂറിസം മന്ത്രി മുഹമ്മദ് റിയാസുമായി നടത്തിയ ചർച്ചയെ തുടർന്നാണ് പുതുക്കിയ ഭരണാനുമതി ലഭിച്ചതായി മന്ത്രി അറിയിച്ചത്.
2,06,22,242 രൂപയായിരുന്നു ആദ്യം അനുവദിച്ചത്. നിർമ്മാണ സ്ഥലത്തിന്റെ പ്രത്യേകതയും പള്ളിക്കമ്മിറ്റിയുടെ അഭ്യർഥനയും പരിഗണിച്ച് പദ്ധതി രൂപരേഖയിൽ മാറ്റം വരുത്തിയിരുന്നു. ഇതിനാൽ പ്രസ്തുത തുകയിൽ പണി പൂർത്തിയാക്കുവാൻ സാധിക്കാത്തതിനെ തുടർന്ന് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്ത് പുതുക്കിയ ഭരണാനുമതിയ്ക്കുള്ള പ്രൊപ്പോസൽ സമർപ്പിക്കാൻ നിർദ്ദേശം നൽകിയിരുന്നു. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 52,18,407- രൂപ കൂടി അനുവദിച്ച് 2,58,40,649 രൂപയുടെ പുതുക്കിയ ഭരണാനുമതിയാണ് ഇപ്പോൾ ലഭിച്ചത്. മന്ത്രി അറിയിച്ചു.
റിവൈസ്ഡ് എസ്റ്റിമേറ്റ് അംഗീകരിച്ചതോടെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കുവാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.