കോട്ടയം > പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ യുഡിഎഫ് സ്ഥാനാർഥിയാകും. കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. കന്റോൺമെന്റ് ഹൗസില്‍ നടന്ന കോണ്‍ഗ്രസ് നേതാക്കളുടെ ചര്‍ച്ചയ്ക്ക് ശേഷമാണ് ചാണ്ടി ഉമ്മൻ്റെ പേര് കെ സുധാകരൻ ഹൈക്കമാൻഡിന് കൈമാറിയത്. എഐസിസി ആസ്ഥാനത്ത് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി ചര്‍ച്ച നടത്തിയ ശേഷമാണ് പ്രഖ്യാപനം.
സെപ്തംബർ 5നാണ് പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ സെപ്തംബർ എട്ടിന് നടക്കും. വ്യാഴാഴ്ച വിജ്ഞാപനം പുറത്തിറക്കും. നാമനിർദേശപത്രിക സമർപ്പിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 17 ആണ്. എംഎൽഎയായിരുന്ന ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ്.