തിരുവനന്തപുരം > അഞ്ച് ദിവസത്തെ അന്താരാഷ്ട്ര ബയോടെക്നോളജി കോൺക്ലേവ് ബയോസിയോണിന് വെള്ളായണി കാർഷിക കോളേജിൽ തുടക്കമായി. ജർമ്മനി മാക്സ് പ്ലാങ്ക് ഇൻസ്റ്റ്യൂട്ട് ഓഫ് ഹാർട്ട് ആൻഡ് ലങ്ങ് റിസർച്ച് ഡയറക്ടർ ഡോക്ടർ ഹാബിൽ തോമസ് ബ്രൗൺ കോൺക്ലേവ് ഉദ്ഘാടനം ചെയ്തു.
ഉന്നതവിദ്യാഭ്യാസ ഗവേഷണ മേഖലയിൽ അന്താരാഷ്ട്ര സഹകരണത്തിന് പുതിയൊരു വഴിത്തിരിവാകട്ടെ ബയോസിയോൺ എന്ന് അദ്ദേഹം ആശംസിച്ചു. കോവിഡ് മഹാമാരിക്ക് ശേഷം ബയോടെക്നോളജിയുടെ അനന്തസാധ്യതകളെക്കുറിച്ചും അതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും സംവദിക്കുന്നതിനായുള്ള സംഗമത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടന പരിപാടിയിലും തുടർന്നുള്ള പാനൽ ചർച്ചയിലും ദേശീയ അന്തർദേശീയ തലങ്ങളിലെ ശാസ്ത്രമേഖലയിലെ പ്രഗത്ഭർ പങ്കെടുത്തു.
ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി ഡയറക്ടർ ഡോ. സഞ്ജയ് ബിഹാരി മുഖ്യപ്രഭാഷണം നടത്തി. കേരള കാർഷിക സർവകലാശാല വൈസ് ചാൻസിലർ ഡോ. ബി അശോക് ഐഎഎസ്, ഡീൻ ഓഫ് ഫാക്കൽട്ടി ഡോ. റോയ് സ്റ്റീഫൻ, കാർഷിക സർവ്വകലാശാല ജനറൽ കൗൺസിൽ അംഗം ഡോ. തോമസ് ജോർജ്, ഗവേഷണ വിഭാഗം മേധാവി ഡോ. അനിത് കെ എൻ, വിജ്ഞാന വ്യാപന വിഭാഗം മേധാവി അലൻ തോമസ്, ഡോ. അർച്ചന ആർ സത്യൻ, കീർത്തന ജെ എന്നിവർ സംസാരിച്ചു. “ബയോടെക്നോളജി അറ്റ് 2047” എന്ന വിഷയത്തെ ആസ്പദമാക്കി പാനൽ ചർച്ചയും മോളിക്യുലർ ബയോളജി വർക്ക്ഷോപ്പും സംഘടിപ്പിച്ചു.