ന്യൂയോർക്ക് > പ്രശസ്ത ഹോളിവുഡ് സംവിധായകൻ വില്യം ഫ്രീഡ്കിൻ (87) അന്തരിച്ചു. തിങ്കളാഴ്ച ലോസ് ഏഞ്ചലസിലായിരുന്നു അന്ത്യം. ഏറെനാളായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഓസ്കർ, ഗോൾഡൻ ഗ്ലോബ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
1960കളുടെ തുടക്കത്തിൽ ഡോക്യുമെന്ററികളിലൂടെയാണ് വില്യം ഫ്രീഡ്കിൻ തന്റെ കരിയർ ആരംഭിച്ചത്. 1971ൽ സംവിധാനം ചെയ്ത ത്രില്ലർ ചിത്രം ദി ഫ്രഞ്ച് കണക്ഷൻ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ ചിത്രം മികച്ച സംവിധായകനും ചിത്രത്തിനും ഉൾപ്പെടെ അഞ്ച് ആക്കാദമി പുരസ്കാരങ്ങൾ അദ്ദേഹത്തിന് നേടിക്കൊടുത്തു.
1973ൽ പുറത്തിറങ്ങിയ ഹൊറർ സിനിമ ‘ദി എക്സോർസിസ്റ്റ്’ ആണ് ഫ്രീഡ്കിന്റെ ഏറെ പ്രശസ്തമായ ചിത്രം. വാണിജ്യപരമായും നിരൂപകർക്കിടയിലും വലിയ വിജയമായിരുന്നു ചിത്രം. എക്സോർസിസ്റ്റ് 10 വിഭാഗത്തിലായി ഓസ്കറിന് നാമനിർദേശം ചെയ്യപ്പെടുകയും രണ്ട് പുരസ്കാരം സ്വന്തമാക്കുകയും ചെയ്തു.
ദി ബോയ്സ് ഇൻ ദ ബാൻഡ് (1970), സോർസറർ (1977), ദി ബ്രിങ്ക്സ് ജോബ് (1978), ക്രൂയിസിംഗ് (1980), ബഗ് (2006), കില്ലർ ജോ (2011) തുടങ്ങിയവയും ഫ്രീഡ്കിന്റെ ചിത്രങ്ങളാണ്. അവസാന ചിത്രമായ “ദി കെയ്ൻ മ്യൂട്ടിനി കോർട്ട്-മാർഷ്യൽ” ഈ വർഷത്തെ വെനീസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കാനിരിക്കെയാണ് വിയോഗം.