തിരുവനന്തപുരം > ഗുണനിലവാരമുള്ള ടൂറിസം പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ കേരളം ഉത്തമ മാതൃകയാണെന്ന് ഗോവ ടൂറിസം മന്ത്രി രോഹൻ കാവ്തെ. ഇക്കാര്യത്തിൽ കേരളത്തെ ഗോവയ്ക്ക് മാതൃകയാക്കാമെന്നും മന്ത്രി ഗോവ നിയമസഭയിൽ പറഞ്ഞു.
വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർധനയുണ്ടാകുമ്പോഴും ഗുണനിലവാരത്തിൽ വിട്ടുവീഴ്ച വരുത്താത്ത കേരളത്തിന്റെ പ്രവർത്തന രീതി അനുകരണീയമാണ്. വിദേശ സഞ്ചാരികളെ ആകർഷിക്കാൻ ഗോവ പുതിയ ടൂറിസം വിപണികൾ കണ്ടെത്തേണ്ടതിനെക്കുറിച്ച് സംസാരിക്കവെയാണ് മന്ത്രി കേരളത്തെ പരാമർശിച്ചത്. കോവിഡിനുശേഷം ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോഡിട്ട കേരളത്തിന് വിദേശ സഞ്ചാരികളുടെ സന്ദർശനത്തിലും വർധനവുണ്ടാക്കാനായി. പുതിയ ടൂറിസം ഉൽപ്പന്നങ്ങളിലൂടെയും പ്രചാരണ പരിപാടികളിലൂടെയുമാണ് സഞ്ചാരികളെ ആകർഷിക്കാൻ സംസ്ഥാനത്തിനായത്.