തിരുവനന്തപുരം > കിഫ്ബിയെടുക്കുന്ന വായ്പ സംസ്ഥാനത്തിന്റേതായി കാണുന്നത് കേന്ദ്രത്തിന്റെ പക്ഷപാതപരമായ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ വികസന പ്രവര്ത്തനങ്ങളില് കേന്ദ്രസര്ക്കാര് നിഷേധാത്മകമായ നിലപാടാണു സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയിൽ പറഞ്ഞു. കിഫ്ബി മികച്ച വിശ്വാസ്യതയിലാണു നിലനില്ക്കുന്നത്. പക്ഷേ, സര്ക്കാരിന്റെ പൊതുവായ പ്രവര്ത്തനത്തിന് കേന്ദ്രത്തിന്റെ സമീപനം തടസമായി വരുന്നു. കിഫ്ബി പദ്ധതികള് സംബന്ധിച്ച ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
‘കിഫ്ബി മുഖേന എടുക്കുന്ന വായ്പ സര്ക്കാരിന്റെ കടമെടുപ്പായി കണക്കാക്കണമെന്നാണ് കേന്ദ്രം പറയുന്നത്. എന്നാല് നാഷണല് ഹൈവേ അതോറിറ്റി എടുത്തിട്ടുള്ള വായ്പ കേന്ദ്ര സര്ക്കാരിന്റെ വായ്പയായി കണക്കാക്കുന്നില്ല. അത്തരം ഏജന്സികള് കേന്ദ്രസര്ക്കാരിനു വേണ്ടി നടപ്പാക്കുന്ന പദ്ധതികള്ക്കു വേണ്ടി എടുക്കുന്ന വായ്പകള് കേന്ദ്ര സര്ക്കാരിന്റെ വായ്പയായി കണക്കാക്കുന്നില്ല.’ – മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
‘‘അവിടെ അങ്ങനെയാകാം, എന്നാല് ഇവിടെ വരുമ്പോള് കിഫ്ബി എടുക്കുന്ന വായ്പ സംസ്ഥാന സര്ക്കാരിന്റെ വായ്പയായി കണക്കാക്കുമെന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. ഇത് പക്ഷപാതപരമായ നിലപാടാണ്. നമ്മുടെ സംസ്ഥാനത്തോടുള്ള അങ്ങേയറ്റത്തെ അതിക്രൂരമായ അവഗണനയുടെ ഭാഗം കൂടിയാണ്’ – മുഖ്യമന്ത്രി പറഞ്ഞു.