തിരുവനന്തപുരം
പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിന് തുടക്കമായത് അരനൂറ്റാണ്ടിലേറെ അംഗമായിരുന്ന ഉമ്മൻ ചാണ്ടിയുടെ അസാന്നിധ്യത്തിൽ. 1970 മുതൽ എല്ലാ സഭാ സമ്മേളനത്തിലും ഉമ്മൻചാണ്ടിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. 12 തവണയായി 53 വർഷം തുടർച്ചയായി പുതുപ്പള്ളിയെ പ്രതിനിധാനംചെയ്ത് അദ്ദേഹം സഭയിൽ എത്തി. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം നിയമസഭാ സാമാജികനായിരുന്ന വ്യക്തിയെന്ന റെക്കോഡിനും അർഹനായി. കെ കരുണാകരന്റെ മൂന്ന് മന്ത്രിസഭയിലും എ കെ ആന്റണിയുടെ ഒന്നാം മന്ത്രിസഭയിലുമായി നാല് മന്ത്രിസഭയിൽ തൊഴിൽ, ആഭ്യന്തരം, ധനം എന്നീ വകുപ്പുകൾ കൈകാര്യംചെയ്തു. രണ്ടു തവണ കേരളത്തിന്റെ മുഖ്യമന്ത്രിയായി. ഒരു തവണ പ്രതിപക്ഷനേതാവും.
അദ്ദേഹത്തിനും രണ്ടു തവണ സ്പീക്കറായിരുന്ന വക്കം പുരുഷോത്തമനും ആദരാഞ്ജലി അർപ്പിച്ചാണ് ഒമ്പതാം സമ്മേളനത്തിന് തുടക്കമായത്. ഉമ്മൻചാണ്ടിയുടെ അഭാവത്തിൽ സഭയുടെ മുൻനിരയിലെ അദ്ദേഹത്തിന്റെ ഇരിപ്പിടം കെ പി മോഹനനാണ് ലഭിച്ചത്. എൽജെഡി കക്ഷിനേതാവ് എന്നനിലയിലാണ് മോഹനൻ ഒരുനിര മുന്നിലേക്ക് എത്തിയത്. നേരത്തെ രണ്ടാം നിരയിലായിരുന്നു ഇരിപ്പിടം. ഇതിൽ ആർഎസ്പി ലെനിനിസ്റ്റ് നേതാവ് കോവൂർ കുഞ്ഞുമോൻ എത്തി. ഇതനുസരിച്ച് സഭയിലെ മറ്റ് ഇരിപ്പിടക്രമത്തിലും മാറ്റംവരുത്തി.
നിറഞ്ഞുനിന്ന നേതാവ്
ആറു പതിറ്റാണ്ട് കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന കോൺഗ്രസ് നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്ന് സ്പീക്കർ എ എൻ ഷംസീർ അനുസ്മരിച്ചു. ജനക്ഷേമത്തിലും സംസ്ഥാന വികസനത്തിലും അദ്ദേഹം ശ്രദ്ധയൂന്നി. ജനകീയ പ്രശ്നങ്ങൾ സഭയിൽ സമർഥമായി ഉന്നയിക്കുന്ന നിയമസഭാംഗമെന്ന നിലയിലും ശ്രദ്ധേയനായി. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ നിലകളിൽ കേരളത്തിൽ ജനാധിപത്യ പ്രക്രിയയെ മുന്നോട്ടുകൊണ്ടുപോകുന്നതിൽ വലിയ പങ്കുവഹിച്ചുവെന്നും സ്പീക്കർ പറഞ്ഞു.
ജനക്കൂട്ടമായിരുന്നു ഉമ്മൻചാണ്ടിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇന്ധനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. കല്ലുകളും മുള്ളുകളുമുള്ള പാതയിലൂടെ സഞ്ചരിച്ച് നിശ്ചയദാർഢ്യത്തോടെ സാധാരണക്കാരുടെ ഹൃദയത്തിലേക്കുനടന്ന വ്യത്യസ്തനായ നേതാവായിരുന്നു അദ്ദേഹം. ശ്രദ്ധയിൽപ്പെടുന്ന പ്രശ്നങ്ങൾക്കൊക്കെ ശാശ്വത പരിഹാരമുണ്ടാക്കുന്നതിനുള്ള ശ്രമങ്ങൾ അദ്ദേഹം എന്നും നടത്തിയിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ജനത്തെ ജീവശ്വാസംപോലെ വിശ്വസിച്ച നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്ന് സിപിഐ നിയമസഭാ കക്ഷി നേതാവ് ഇ ചന്ദ്രശേഖരൻ പറഞ്ഞു. കേരള രാഷ്ട്രീയ മണ്ഡലത്തിൽ നിറഞ്ഞുനിന്ന പൊതുജീവിതമാണ് ഉമ്മൻചാണ്ടിയുടെ വേർപാടിലൂടെ അവസാനിച്ചതെന്ന് മുസ്ലിംലീഗ് നിയമസഭാ കക്ഷി നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
‘നോ’ എന്ന വാക്ക് ഒരാളോടും ഉപയോഗിച്ചിട്ടില്ലാത്ത നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. അരനൂറ്റാണ്ടിലേറെ നിയമസഭയുടെ നിറസാന്നിധ്യമായിരുന്ന ഉമ്മൻചാണ്ടിയുടെ വേർപാട് കനത്ത നഷ്ടമാണെന്ന് ജനതാദൾ (എസ്) കക്ഷി നേതാവ് മാത്യു ടി തോമസ് പറഞ്ഞു.
മന്ത്രിമാരായ അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, മറ്റുകക്ഷി നേതാക്കളായ തോമസ് കെ തോമസ്, രാമചന്ദ്രൻ കടന്നപ്പള്ളി, കെ പി മോഹനൻ, കോവൂർ കുഞ്ഞുമോൻ, പി ജെ ജോസഫ്, അനൂപ് ജേക്കബ്, കെ കെ രമ, മാണി സി കാപ്പൻ എന്നിവർ അനുശോചിച്ച് സംസാരിച്ചു.