തിരുവനന്തപുരം
മന്ത്രിസഭ കൂട്ടായെടുത്ത തീരുമാനത്തിൽ ഇടപെടാനാകില്ലെന്ന് ലോകായുക്ത. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്തമാരായ ജസ്റ്റിസ് ഹാറൂൺ ഉൽ റഷീദ്, ബാബു മാത്യു പി ജോസഫ് എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.
ഇത്തരം കേസ് പരിഗണിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ടോ എന്നതിലാണ് ഡിവിഷൻ ബെഞ്ചിൽ ഭിന്നാഭിപ്രായം ഉണ്ടായത്. ഇത് കേസിന്റെ സാധുത സംബന്ധിച്ചാണെന്ന് ഹർജിക്കാരൻ ആർ എസ് ശശികുമാർ വാദിച്ചു. ‘ഞങ്ങളുടെ വായിലേക്ക് നിങ്ങളുടെ വാക്കുകൾ തിരുകരുതെന്ന്’ ലോകായുക്ത ഹർജിക്കാരനെ ഓർമിപ്പിച്ചു. മന്ത്രിസഭാ തീരുമാനത്തിന് കൂട്ടുത്തരവാദിത്വമാണ് ഉള്ളത്. അതിൽ മുഖ്യമന്ത്രിക്കോ ഏതെങ്കിലും മന്ത്രിക്കോ പ്രത്യേക ഉത്തരവാദിത്വമില്ലെന്ന് ലോകായുക്ത വ്യക്തമാക്കി. പൊതുസേവകൻ എന്ന നിർവചനത്തിൽ മന്ത്രിസഭ ഉൾപ്പെടില്ല. ഇക്കാര്യങ്ങളിലാണ് ഹർജിക്കാരൻ മറുപടി പറയേണ്ടതെന്നും ലോകായുക്ത ഓർമിപ്പിച്ചു. ഇതോടെ, വാദിച്ചിട്ട് കാര്യമില്ലെന്നു പറഞ്ഞ് പരാതിക്കാരന്റെ അഭിഭാഷകൻ ജോർജ് പൂന്തോട്ടം വാദം നിർത്തി. ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ ഉൽ റഷീദിനെതിരെ പരാമർശവുമുണ്ടായി. വളച്ചൊടിച്ച് വാദിക്കരുതെന്നും പറയുന്നത് ഇഷ്ടമാകുന്നില്ലെങ്കിൽ മിണ്ടാതിരിക്കാമെന്നും ഉപലോകായുക്ത പറഞ്ഞു. ജഡ്ജിമാരെ വ്യക്തിപരമായി പറയുന്നത് ശരിയല്ലെന്ന് ലോകായുക്ത ചൂണ്ടിക്കാട്ടി.
ഹർജി പൂർണ ബെഞ്ചിന് വിട്ടശേഷം ആദ്യമായാണ് വാദം കേട്ടത്. നേരത്തേ പരിഗണിച്ചപ്പോഴെല്ലാം ഹൈക്കോടതിയിലെ ഹർജി ചൂണ്ടിക്കാട്ടി, കേസ് മാറ്റിവയ്ക്കണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. ഹർജി ഹൈക്കോടതി തള്ളിയതോടെയാണ് സഹകരിക്കാൻ തയ്യാറായത്. പുതിയൊരു ആൾ ഉൾപ്പെട്ട ബെഞ്ചായതിനാൽ ആദ്യംമുതൽ വാദം കേൾക്കണമെന്ന് ലോകായുക്ത ഓർമിപ്പിച്ചു. വിശദവാദം ഡിവിഷൻ ബെഞ്ചിനു മുന്നിൽ നിരത്തിയതിനാൽ ഇനി അതിന്റെ ആവശ്യമില്ലെന്ന് പരാതിക്കാരൻ പറഞ്ഞത് ലോകായുക്ത അംഗീകരിച്ചില്ല. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. സർക്കാരിനായി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി എ ഷാജി, സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പാതിരിപ്പള്ളി എസ് കൃഷ്ണകുമാരി എന്നിവർ ഹാജരായി.