വർക്കല > വിനോദ സഞ്ചാര മേഖലയായ വർക്കലയിൽ ഫ്ളോട്ടിങ് ബ്രിഡ്ജ് അനുവദിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. വർക്കല ടൂറിസം മേഖല സന്ദർശിച്ചശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. വർക്കലയുടെ സമഗ്ര ടൂറിസം വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റിഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറസ്റ്റ് കേന്ദ്രമായി മാറുന്ന രീതിയിലാണ് പദ്ധതികൾ ആവിഷ്കരിക്കുന്നത്.
വർക്കലയിലെ വിനോദ സഞ്ചാര മേഖല നേരിടുന്ന ദീർഘനാളത്തെ പ്രധാന പ്രശ്നമായ ടോയ്ലെറ്റ് സംവിധാനത്തിന് ഉടൻ പരിഹാരമാകും. അന്താരാഷ്ട്ര നിലവാരത്തിലുള്ള ടോയ്ലറ്റ് നിർമാണം വൈകാതെ ആരംഭിക്കും. കോഴിക്കോട്, വർക്കല, ബേക്കൽ എന്നിവിടങ്ങളിലാണ് ടോയ്ലറ്റ് സംവിധാനം ആദ്യഘട്ടത്തിൽ ആരംഭിക്കുന്നത്. രണ്ടാംഘട്ടത്തിൽ മാലിന്യസംസ്കരണം, പാർക്കിങ് തുടങ്ങിയ വിഷയങ്ങളിൽ പ്രാധാന്യം നൽകിക്കൊണ്ടുള്ള വികസനമാണ് ലക്ഷ്യമിടുന്നത്. മാലിന്യ സംസ്കാരണത്തിന് ഡിടിപിസി നഗരസഭയുമായി ചേർന്നും മൂന്നാംഘട്ടം ക്ലിഫ് സംരക്ഷണത്തിന് പുതിയ പദ്ധതിയും നടപ്പാക്കും.
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ടൂറിസം ഡയറക്ടറുടെ നേതൃത്വത്തിൽ പരിശോധിച്ച് പഠനവിധേയമായ വിഷയങ്ങളിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങളിലും അനിവാര്യമായ നടപടികൾ സ്വീകരിക്കുന്നതാനായി 97 ലക്ഷം കഴിഞ്ഞ മാസം അനുവദിച്ചിരുന്നു. അടിസ്ഥാന ആവശ്യങ്ങളായ ഡ്രസ് ചെയ്ഞ്ചിങ് റൂം, വാട്ടർടാങ്ക്, ക്ലിഫിൽ ഹാൻഡ് റെയിൽ, സൈൻ ബോർഡ് എന്നിവയെല്ലാം സ്ഥാപിക്കും. വി ജോയി എംഎൽഎ, നഗരസഭ ചെയർമാൻ കെ എം ലാജി, ടൂറിസം ഡയറക്ടർ പി ബി നൂഹ്, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.