കോഴിക്കോട്> കോഴിക്കോടിന്റെ പാർടി ചുമതല ലഭിച്ചത് അഖിലേന്ത്യാ നേതൃത്വത്തിന്റെ പിന്തുണയോടെയെന്ന് ശോഭാ സുരേന്ദ്രൻ. കോഴിക്കോട്ട് വാർത്താലേഖകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവർ. കഴിഞ്ഞ ഒന്നരവർഷത്തിനിടെ എട്ട് സംസ്ഥാനങ്ങളുടെ ചുമതല വഹിച്ചിട്ടുണ്ട്. അംഗത്വ ക്യാമ്പയിന്റെ കോർ കൺവീനറായിരുന്നു. ഇപ്പോൾ കോഴിക്കോട് ജില്ലയുടെ ചുമതല നൽകിയതിൽ പുതുമകാണുന്നില്ല.
കോഴിക്കോട് നൽകി ഒതുക്കി എന്ന് ചിലർ ആക്ഷേപിക്കുന്നുണ്ട്. അതിൽ വേദനയില്ല. ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേരിട്ട സ്ത്രീയാണ് താൻ. പ്രായമായില്ലേ ഇനി വീട്ടിലിരുന്നുകൂടെ എന്ന് ആക്ഷേപിക്കുന്നവരുണ്ട്. ബ്യൂട്ടി പാർലറിൽ പോയി തലമുടി കറുപ്പിച്ചിട്ടില്ല. 49 വയസ്സേ ആയിട്ടുള്ളൂ. തള്ളയെന്നും അമ്മായിയെന്നും അമ്മൂമ്മയെന്നുമാണ് വിളിക്കുന്നത്. രാവിലെ എഴുന്നേൽക്കുന്നതു മുതൽ ഉറങ്ങുന്നതുവരെ ആക്രമണം നേരിടുകയാണ്. ഇപ്പോൾ അത് ശക്തിപ്പെട്ടിട്ടുണ്ട്. എന്നെ ഉറക്കാതിരിക്കാൻ ശക്തിയുള്ളവർ പിറകിലുണ്ട് എന്ന് ഉറപ്പിച്ചാണ് പ്രവർത്തിക്കുന്നതെന്നും അവർ പറഞ്ഞു.