തിരുവനന്തപുരം> അധികാരപദവികളില്‍ ഭരണപാടവവും കാര്‍ക്കശ്യവും ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു വക്കം പുരുഷോത്തമനെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍. 1970, 1977, 1980, 1982, 2001 വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പുകളിലൂടെ ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തില്‍ നിന്നും നിയമസഭയിലെത്തിയ വക്കം ബി. പുരുഷോത്തമന് 197177 കാലയളവില്‍ അച്യുതമേനോന് മന്ത്രിസഭയില്‍ കൃഷി, തൊഴില്‍, നിയമ വകുപ്പുമന്ത്രിയായും, 198081 കാലയളവില്‍ ഇ. കെ. നായനാര്‍ മന്ത്രിസഭയില്‍ ആരോഗ്യ, ടൂറിസം വകുപ്പുമന്ത്രിയായും, 200406 കാലയളവില്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ധന, എക്സൈസ്, ലോട്ടറി വകുപ്പുമന്ത്രിയായും സേവനം അനുഷ്ഠിച്ചു.
തൊഴില്‍ വകുപ്പുമന്ത്രി പദവിയിലിരിക്കെ അദ്ദേഹം രൂപം നല്കിയ കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബില്‍, ചുമട്ടുതൊഴിലാളി ക്ഷേമനിധി ബില്‍ എന്നിവ സംസ്ഥാന തൊഴില്‍ ചരിത്രത്തിലെ നാഴികക്കല്ലുകളാണ്.
ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ ഓണം വാരാഘോഷത്തിന് തുടക്കം കുറിച്ചതും, ആധുനിക രീതിയില്‍ കേരളാ ഹൗസ് പുതുക്കിപ്പണിതതും, ഗവണ്മെന്റ് മെഡിക്കല്‍ കോളേജുകള്‍ റഫല്‍ ആശുപത്രികളാക്കി മാറ്റിയതും അദ്ദേഹത്തിന്റെ ഭരണ മികവിന് ഉദാഹരണങ്ങളാണ്. എന്നാല്‍, നിയമസഭാ സ്പീക്കര്‍ എന്ന നിലയിലാണ് അദ്ദേഹം തന്റെ കര്‍മ്മമണ്ഡലത്തില്‍ ഏറെ തിളങ്ങിയത്. 198284 കാലയളവില്‍ ആദ്യമായി സ്പീക്കര്‍ പദവിയില്‍ എത്തിയ അദ്ദേഹം 20012004 കാലയളവിലും ആ പദവി അലങ്കരിച്ചു.
ഇങ്ങനെ രണ്ടു തവണയായി അഞ്ചുവര്‍ഷവും ഒമ്പതുമാസവും സ്പീക്കര്‍ സ്ഥാനം വഹിച്ച അദ്ദേഹമാണ് കേരള നിയമസഭയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം സ്പീക്കറായിരുന്ന വ്യക്തി. നിയമത്തിലും നിയമസഭാ നടപടിക്രമങ്ങളിലുമുള്ള അഗാധമായ പാണ്ഡിത്യം നിയമസഭാ നടത്തിപ്പില്‍ പ്രയോഗിച്ച അദ്ദേഹം സ്പീക്കര്‍ പദവിയ്ക്ക് അനുകരണീയമായ മാതൃക സൃഷ്ടിച്ചു. നിയമസഭാംഗങ്ങള്‍ സമയക്ലിപ്തത പാലിച്ച് വിഷയത്തിലൂന്നി നിന്ന് മാത്രം സംസാരിക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ഗൃഹപാഠം നടത്തി വന്നു മാത്രം സഭാതലത്തില്‍ പ്രസംഗിക്കുന്നതിന് അംഗങ്ങളെ നിര്‍ബന്ധിച്ച അദ്ദേഹം അതിലൂടെ നിര്‍ദ്ദിഷ്ട സമയത്തുതന്നെ സഭയുടെ കാര്യപരിപാടികള്‍ അവസാനിപ്പിച്ചിരുന്നു. തുടര്‍ന്ന് വന്നിട്ടുള്ള സ്പീക്കര്‍മാര്‍ക്ക് എന്നും ഒരു മാര്‍ഗ്ഗദര്‍ശിയായിരുന്നു വക്കം ബി. പുരുഷോത്തമന് എന്ന സ്പീക്കര്‍.
ഏത് പദവിയിലിരുന്നാലും മികവാര്‍ന്ന ഭരണപാടവം അദ്ദേഹം മുന്നോട്ടുവച്ചു. കണിശക്കാരനെന്നുള്ള നിലയില്‍ അദ്ദേഹം തനിക്ക് ശരിയെന്ന് തോന്നുന്ന നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചു. കാര്‍ക്കശ്യ ഭാവത്തോടെ കൃത്യനിഷ്ഠ പാലിക്കാന്‍ ഏവരേയും സജ്ജരാക്കി. വിവാദങ്ങളെ വകവെക്കാതെ തന്റെ തീരുമാനങ്ങളില്‍ ഉറച്ചുനിന്ന അദ്ദേഹത്തിന്റെ ശൈലിയും നിശ്ചയദാര്‍ഢ്യവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. മന്ത്രി പദത്തിലിരുന്ന വേളയില്‍ സംസ്ഥാനത്തിന്റെ വികസനത്തിനുവേണ്ടിയുള്ള വീക്ഷണമാണ് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചത്. പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വേളയില്‍ കേരളത്തിന്റെ പൊതുവായ ആവശ്യങ്ങള്‍ കേന്ദ്ര ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിനും അദ്ദേഹത്തിന് സാധിച്ചു എന്നത് ശ്രദ്ധേയമാണ്.
അടിസ്ഥാന ആശയങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാത്ത കാര്‍ക്കശ്യ നിലപാട് സ്വീകരിച്ച വക്കം ബി. പുരുഷോത്തമന്റെ നിര്യാണത്തിലൂടെ പൊതുതാല്‍പ്പര്യങ്ങള്‍ക്കുവേണ്ടി നിലകൊണ്ട, രാഷ്ട്രീയത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ച, മനുഷ്യസ്നേഹിയും പരിശ്രമശാലിയുമായ ഒരു ജനകീയ നേതാവിനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നതെന്നും ഷംസീര്‍ പറഞ്ഞു.