മുംബൈ > കുവൈത്തിലേക്കുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റിന്റെ പേരില് പ്രവാസികളില് നിന്ന് കോടിക്കണക്കിന് രൂപ അനധികൃതമായി പിരിച്ചെന്നാരോപിച്ച് മാത്യു ഇന്റര്നാഷണല് എന്ന റിക്രൂട്ട്മെന്റ് സ്ഥാപനം നടത്തുന്ന പുത്തന്വീട്ടില് ജോസ് മാത്യുവിന്റെ താമസസ്ഥലത്തും വ്യാപാരസ്ഥാപനങ്ങളിലും ഇന്ത്യന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വ്യാഴം, വെള്ളി ദിവസങ്ങളില് പരിശോധന നടത്തി. കള്ളപ്പണം വെളുപ്പിക്കല് നിരോധന നിയമപ്രകാരം മുംബൈയിലും കേരളത്തിലുമായി ഒന്നിലധികം സ്ഥലങ്ങളില് നടത്തിയ റെയ്ഡുകളില് 76 ലക്ഷം രൂപയും 12 കോടിയുടെ സ്വത്ത് രേഖകളും ഏജന്സി പിടിച്ചെടുത്തു.
മാത്യു ഉള്പ്പെടെയുള്ളവര്ക്കെതിരെ കൊച്ചിയില് സിബിഐ രജിസ്റ്റര് ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ അന്വേഷണം.വ്യാജ ലൈസന്സ് ഉപയോഗിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യാന് 2015 ല് മാത്യുവും മകന് ടോം മാത്യു എന്ന തോമസ് മാത്യുവും മറ്റൊരു മുംബൈ വ്യവസായിയുമായി ക്രിമിനല് ഗൂഢാലോചന നടത്തിയതായി ഇഡി പറയുന്നു.
തുടര്ന്ന് റിക്രൂട്ട്മെന്റ് നടപടികള്ക്കായി കുവൈത്തിലെ രണ്ട് കമ്പനികളില് നിന്ന് ഡിമാന്ഡ് ലെറ്ററുകളും ഓതറൈസേഷന് ലെറ്ററുകളും മാത്യു സ്വന്തമാക്കി. കൊച്ചിയിലെ പ്രൊട്ടക്ടര് ഓഫ് എമിഗ്രന്റ്സ് അഡോള്ഫസും ഗൂഢാലോചനയില് പങ്കാളികളായതായും അന്വേഷണത്തില് കണ്ടെത്തി.അവര് കൊച്ചിയില് റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്തുകയും ഓരോ ഉദ്യോഗാര്ഥികളില് നിന്നും ഏകദേശം 20 ലക്ഷം രൂപ വരെ അമിതമായ സര്വീസ് ചാര്ജ്ജ് ഈടാക്കുകയും ചെയ്തു. സര്വീസ് ചാര്ജിന്റെ പരമാവധി നിശ്ചിത പരിധി 20,000 രൂപയായിരുന്നു.
മാത്യുവും കൂട്ടാളികളും നഴ്സിംഗ് എമിഗ്രന്റുകളെ ആകെ 205.71 കോടി രൂപ വഞ്ചിച്ചതായി ഇഡി പ്രസ്താവനയില് പറഞ്ഞു.പരിശോധനയില് 76 ലക്ഷം രൂപ സഞ്ചിത ബാലന്സ് ഉള്ള നിരവധി ബാങ്ക് അക്കൗണ്ടുകളും മൊത്തം 12 കോടി രൂപ വിപണി മൂല്യമുള്ള സ്ഥാവര സ്വത്തുക്കളുടെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. കൂടുതല് അന്വേഷണം നടന്നുവരികയാണ്.