ന്യൂഡൽഹി > കേന്ദ്ര സാമൂഹ്യനീതി സഹമന്ത്രി രാംദാസ് അത്താവലെയുമായി മന്ത്രി ആർ ബിന്ദു കൂടിക്കാഴ്ച നടത്തി. സാമൂഹ്യനീതിയുമായി ബന്ധപ്പെട്ട പദ്ധതികളുടെ നടത്തിപ്പിന് കേന്ദ്രസഹായം ആവശ്യപ്പെട്ടുള്ള നിവേദനം മന്ത്രി കൈമാറി.
എൻജിഒകൾ നടത്തുന്ന വയോജന ഹോമുകൾക്ക് നൽകുന്ന കേന്ദ്ര ധനസഹായം സാമൂഹ്യനീതി വകുപ്പ് നടത്തുന്ന ഹോമുകൾക്കും ലഭ്യമാക്കണം. ഭിന്നശേഷി സൗഹൃദ പൊതുമണ്ഡലം സൃഷ്ടിക്കാൻ ഉതകുന്ന ആക്സസബിൾ ഇന്ത്യ ക്യാമ്പയിന് ധനസഹായം അനുവദിക്കണം. ഭിന്നശേഷി വിഭാഗക്കാർക്കുള്ള യുഡിഐഡി കാർഡ് വിതരണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന സങ്കേതിക ബുദ്ധിമുട്ടുകൾ പരിഹരിക്കണം. ലഹരിവിരുദ്ധ ദേശീയ കർമപദ്ധതിയിൽ കേരളത്തിനുള്ള സഹായം കുടിശ്ശിക തീർത്ത് എത്രയും വേഗം പുനരാരംഭിക്കണം. എൽഡർ ലൈൻ ഹെൽപ്പ് ലൈൻ കേന്ദ്രത്തിന്റെ പ്രവർത്തനത്തിനുള്ള സഹായവും ജീവനക്കാരുടെ ശമ്പളമടക്കമുള്ള കുടിശ്ശികയും ലഭ്യമാക്കണം. ട്രാൻസ്ജെൻഡർ, നിരാലംബർ എന്നിവരുടെ ക്ഷേമ- പുരധിവാസ പദ്ധതിയായ സ്മൈലിലേക്ക് പദ്ധതികൾ സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനുള്ള ഓപ്ഷൻ നടപ്പാക്കണം എന്നീ ആവശ്യങ്ങളാണ് നിവേദനത്തിൽ ഉൾപ്പെടുത്തിയത്.
കേന്ദ്രസഹമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ചേതൻകുമാർ മീണയും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.