പാലക്കാട് > ജനുവരിയോടെ രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമായി കേരളം മാറുമെന്ന് മന്ത്രി എം ബി രാജേഷ്. തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര വൈജ്ഞാനികോത്സവം ‘ഫ്രീഡം ഫെസ്റ്റ് 2023’ ന്റെ ഭാഗമായി ‘ഇ ഗവേണൻസ് – പ്രശ്നങ്ങളും പരിഹാരവും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ഏറ്റവും കൂടുതൽപേർ ഇന്റർനെറ്റ് ഉപയോഗിക്കുന്ന കേരളത്തിന് ഈ നേട്ടം ദുഷ്കരമാകില്ല. ഡിജിറ്റൽ സാക്ഷരതാ യജ്ഞത്തിൽ പ്രധാന വളണ്ടിയർമാരായി പ്രവർത്തിക്കേണ്ടത് വിദ്യാർഥികളാണ്. നവംബർ ഒന്നോടെ ഇതിന്റെ ആദ്യഘട്ട പ്രവർത്തനം തുടങ്ങും. ഇന്ത്യയിൽ ഏറ്റവും ഫലപ്രദമായി ഡിജിറ്റൽ വിദ്യാഭ്യാസം നടപ്പാക്കിയത് കേരളത്തിലാണ്. തദ്ദേശ സ്ഥാപനങ്ങളിൽ സേവനങ്ങൾ ഓൺലൈനായി. കെ ഫോൺ തുടങ്ങി. ഇന്റർനെറ്റ് അടിസ്ഥാന പൗരാവകാശമായി പ്രഖ്യാപിച്ച ഏക സംസ്ഥാനമാണ് കേരളമെന്നും എം ബി രാജേഷ് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ അധ്യക്ഷയായി. ഐടി കേരള മിഷൻ ഡയറക്ടർ അനുകുമാരി ആശയം അവതരിപ്പിച്ചു. ഡിഡിഇ പി വി മനോജ്കുമാർ, വൈഐപി ജില്ലാ കോ –-ഓർഡിനേറ്റർ ഡോ. സുരേഷ്, കെഎസ്ഐടിഎം ആൻഡ് ഡിഇസിജി ജില്ലാ പ്രോജക്ട് മാനേജർ ടി തനൂജ്, ഡിഎകെഎഫ് ജില്ലാ പ്രസിഡന്റ് പ്രസാദ് മാത്യു, കൈറ്റ് ജില്ലാ കോ –-ഓർഡിനേറ്റർ അജിതാ വിശ്വനാഥ് എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് കലക്ടർ ഒ വി ആൽഫ്രഡ് സ്വാഗതവും പാലക്കാട് പോളി ടെക്നിക് കോളേജ് മെക്കാനിക്കൽ എൻജിനിയറിങ് തലവൻ ഡോ. എം പ്രദീപ് നന്ദിയും പറഞ്ഞു. യുവപ്രതിഭ മത്സരത്തിലേയും ക്വിസ് മത്സരത്തിലേയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ ആർഡിനോ, ഹയർസെക്കൻഡറി ഫിസിക്സ് പരീക്ഷണങ്ങൾ എളുപ്പമാക്കുന്ന എക്സ്പ് ഐസ് എന്നീ സ്വതന്ത്ര സോഫ്റ്റ്വെയറുകൾ അവതരിപ്പിച്ചു. വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ നിന്നും അക്വഫോണിക്സ് പ്രദർശനവും ഉണ്ടായി.