തിരുവനന്തപുരം > സ്കൂൾ വിദ്യാർഥിനി കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ചു. പട്ടം വൃന്ദാവൻ ഗാർഡൻസിൽ അഭിലാഷിന്റെയും നിഷയുടെയും മകൾ സാൻവി അഭിലാഷ് (15) ആണ് പട്ടത്തെ ശാലോം ഷോപ്പിങ് കോംപ്ലക്സിനു മുകളിൽനിന്ന് വീണ് മരിച്ചത്. ആര്യ സെൻട്രൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്.
വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. അടുത്ത കടകളിലെ ജീവനക്കാർ ശബ്ദംകേട്ട് ഓടിയെത്തി മെഡി. കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് സ്കൂൾ വിട്ടുവന്ന സാൻവിയെ അമ്മ നിഷ വൈകിട്ട് ട്യൂഷൻ ക്ലാസിന് കൊണ്ടുപോയി വിട്ടിരുന്നു. ക്ലാസിൽ കയറാതെ തിരിച്ചുവന്ന സാൻവി കെട്ടിടത്തിന് മുകളിലേക്ക് കയറുകയായിരുന്നു. കുട്ടി കെട്ടിടത്തിന് മുകളിലേക്ക് തിടുക്കത്തിൽ കയറുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ ടെറസിൽനിന്ന് കുട്ടിയുടെ ബാഗും ഷൂസും കണ്ടെടുത്തു.
പഠിക്കാൻ മിടുക്കിയായിരുന്നുവെന്നും സാൻവിയെ ഈ വർഷം ക്ലാസ് ലീഡറായി തെരഞ്ഞെടുത്തിരുന്നുവെന്നും അധ്യാപകർ പറഞ്ഞു. ബാലരാമപുരം നെല്ലിവിള സ്വദേശികളായ അഭിലാഷും നിഷയും വൈദ്യുതി ഭവനിൽ ജീവനക്കാരാണ്. നാല് വയസ്സുകാരി സ്വാതികയാണ് സാൻവിയുടെ സഹോദരി.
വിവരമറിഞ്ഞ് കന്റോൺമെന്റ് സിഐ സ്റ്റ്യുവർട്ട് കീലർ, പേരൂർക്കട സിഐ സൈജുനാഥ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി. ഡെപ്യൂട്ടി മേയർ പി കെ രാജു, സ്ഥിരംസമിതി അധ്യക്ഷൻ അംശു വാമദേവൻ എന്നിവരും സ്ഥലം സന്ദർശിച്ചു. മെഡി. കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.