കൊച്ചി > തർക്കങ്ങൾ രമ്യമായും വേഗത്തിലും പരിഹരിക്കാൻ മധ്യസ്ഥചർച്ച ഉപകരിക്കുമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് ജെ ദേശായി പറഞ്ഞു. ഇത്തരം മാർഗങ്ങളിലൂടെ തർക്കങ്ങൾ പരിഹരിക്കുമ്പോൾ ഭാരിച്ച സാമ്പത്തികച്ചെലവ് ഒഴിവാക്കാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോടതിക്ക് പുറത്ത് മധ്യസ്ഥതയിലൂടെ തർക്കം പരിഹരിക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കുന്ന “നിർണയ പദ്ധതി’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാവർക്കും തുല്യനീതിയെന്ന ഭരണഘടനാലക്ഷ്യം നേടാൻ മധ്യസ്ഥതയ്ക്ക് കഴിയുമെന്ന് ചടങ്ങിൽ ഓൺലൈനായി പങ്കെടുത്ത നിയമമന്ത്രി പി രാജീവ് പറഞ്ഞു. ഹൈക്കോടതി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായി. നിർണയ പദ്ധതിയെക്കുറിച്ച് തയ്യാറാക്കിയ ഹ്രസ്വചിത്രങ്ങൾ ജസ്റ്റിസുമാരായ സമിത് റാവലും മേരി ജോസഫും ചേർന്ന് റിലീസ് ചെയ്തു. ഹ്രസ്വചിത്രം സംവിധാനം ചെയ്ത അഡ്വ. പ്രവീൺ ഹരിഹരന് ജസ്റ്റിസ് സി എസ് ജയസ് ഉപഹാരം നൽകി. അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പ്, ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ എസ് മനു, ബാർ കൗൺസിൽ ചെയർമാൻ അഡ്വ. കെ എൻ അനിൽകുമാർ, ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ വൈസ് പ്രസിഡന്റ് അഡ്വ. എസ് ബിജു, കെഎസ്എംസിസി ഡയറക്ടർ എ ജൂബിയ എന്നിവർ സംസാരിച്ചു.
ഹൈക്കോടതിയോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന സംസ്ഥാന മീഡിയേഷൻ ആൻഡ് കൺസീലിയേഷൻ സെന്ററാണ് നിർണയ പദ്ധതി നടപ്പാക്കുന്നത്. കച്ചവടം, സിനിമ, നിർമാണ മേഖലകളുമായി ബന്ധപ്പെട്ട തർക്കങ്ങൾ കോടതിയിലെത്തുംമുമ്പ് മധ്യസ്ഥതയിലൂടെ പരിഹരിക്കുകയാണ് ലക്ഷ്യം. പരിശീലനം ലഭിച്ചവരെ മധ്യസ്ഥരായി നിയമിക്കും. ഹൈക്കോടതിയിലും 14 ജില്ലാ മീഡിയേഷൻ സെന്ററുകളിലും രണ്ട് അഡീഷണൽ ജില്ലാ മീഡിയേഷൻ സെന്ററുകളിലും തർക്കപരിഹാരത്തിന് സൗകര്യമൊരുക്കും.