ന്യൂഡൽഹി
മൂന്നുമാസമായി അറുതിയില്ലാതെ കലാപം തുടരുന്ന മണിപ്പുരിൽ അച്ഛനും മകനുമടക്കം മൂന്നുപേരെ വീട്ടിൽനിന്ന് പിടിച്ചിറക്കി വെടിവച്ചുകൊന്നു. പിന്നാലെ പൊലീസുമായുണ്ടായ വെടിവയ്പിൽ കമാൻഡോ അടക്കം മൂന്നുപേർക്ക് പരിക്കേറ്റു. ബിഷ്ണുപുർ ജില്ലയിലെ ക്വാക്ത ഗ്രാമത്തിൽ ശനിയാഴ്ച പുലർച്ചെയാണ് ആക്രമണമുണ്ടായത്. മെയ്ത്തീ വിഭാഗത്തിന്റെ ഗ്രാമത്തിന് സുരക്ഷ നൽകുന്ന സംഘത്തിൽപ്പെട്ട യുംനം പ്രേംകുമാർ (37), അച്ഛൻ യുംനം പിഷക്ക്, സമീപത്തെ വീട്ടിൽ ഉണ്ടായിരുന്ന യുംനം ജിതേൻ (58)എന്നിവരാണ് കൊല്ലപ്പെട്ടത്. മൃതദേഹങ്ങളിൽ വാൾ ഉപയോഗിച്ച് വെട്ടിയതായും റിപ്പോർട്ടുണ്ട്. ഗ്രാമത്തിലുള്ളവർ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുമ്പോൾ ഊഴമനുസരിച്ച് ഗ്രാമത്തിന് കാവൽനിന്നവരാണ് കൊല്ലപ്പെട്ടത്.
കേന്ദ്രസേന സംരക്ഷണം നൽകിയില്ലെന്ന് ആരോപിച്ച മെയ്ത്തീകൾ, കുക്കി മേഖലയായ ചുരാചന്ദ്പുരിലേക്ക് സംഘടിച്ചുനീങ്ങിയെങ്കിലും പൊലീസ് തടഞ്ഞു. ഇംഫാലിലെ ലംഗോളിലുള്ള ഉപേക്ഷിച്ചുപോയ വീടുകൾ ശനിയാഴ്ച വൈകിട്ട് മെയ്ത്തീകൾ അഗ്നിക്കിരയാക്കി. കൊലപാതകത്തിനു പിന്നാലെ പ്രദേശത്ത് വിമതരും പൊലീസും തമ്മിൽ രൂക്ഷമായ വെടിവയ്പ് നടന്നു. ഇതിലാണ് കമാൻഡോ പവോനം അപ്പല്ലോയ്ക്ക് (32) ഗുരുതര പരിക്കേറ്റത്. ഒരു സ്ത്രീയടക്കം മറ്റ് രണ്ടുപേർക്കും വെടിയേറ്റു. കൊല്ലപ്പെട്ട 35 കുക്കികളുടെ മൃതദേഹങ്ങൾ കൂട്ടമായി സംസ്കരിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും മെയ്ത്തീകളുടെ എതിർപ്പിനെത്തുടർന്ന് തടയപ്പെട്ടിരുന്നു. സമാധാനം പുനസ്ഥാപിക്കുന്നതില് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരാജയപ്പെട്ടെന്ന് വ്യക്തമാക്കുന്നതാണ് പുതിയ സംഭവവികാസങ്ങള്.
സൈന്യത്തെ തടഞ്ഞ് പൊലീസ്
നിയമവാഴ്ച തകർന്ന മണിപ്പുരിൽ വീണ്ടും പരസ്യമായി ഏറ്റുമുട്ടി പൊലീസും സൈന്യവും. ക്വാക്ത ഗ്രാമത്തിലെ ആക്രമണത്തിനു പിന്നാലെ ഇവിടേക്ക് എത്തിയ 37–-ാം അസം റൈഫിൾ സേനാംഗങ്ങളെയും കവചിത വാഹനങ്ങളെയും മണിപ്പുർ പൊലീസ് തടഞ്ഞതാണ് പ്രകോപനത്തിനു കാരണം. ക്വാക്ത–- ഗോഥോൾ റോഡിലാണ് വാഹനങ്ങൾ തടഞ്ഞത്. പിന്നാലെ ഇരുപക്ഷവും കനത്ത വാഗ്വാദത്തിൽ ഏർപ്പെടുന്ന ദൃശ്യങ്ങള് പുറത്തുവന്നു. മുമ്പും സമാന സംഭവങ്ങൾ നടന്നിട്ടുണ്ട്.