ന്യൂഡൽഹി
പ്രതിപക്ഷ കൂട്ടായ്മയായ ‘ഇന്ത്യ’യിലെ പ്രമുഖ നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ ഉത്തർപ്രദേശിൽനിന്ന് ലോക്സഭയിലേക്ക് മത്സരിക്കുമെന്ന് റിപ്പോർട്ട്. കുർമി വോട്ടർമാർ നിർണായകമായ ഫുൽപുർ സീറ്റിലാകും മത്സരിക്കുക. അവിടെ നിതീഷിന് വിജയം ഉറപ്പാണെന്ന് മാത്രമല്ല, ബിജെപി ശക്തികേന്ദ്രമായ കിഴക്കൻ യുപിയിൽ വൻ ചലനമുണ്ടാക്കുമെന്നും അദ്ദേഹത്തിന്റെ പാർടിയായ ജെഡിയു നടത്തിയ സർവേ ചൂണ്ടിക്കാട്ടി.
യുപിയിലെ ഏത് സീറ്റിൽ മത്സരിക്കുന്നതിനും നിതീഷിനെ സ്വാഗതം ചെയ്യുമെന്ന് സമാജ്വാദി പാർടി അധ്യക്ഷൻ അഖിലേഷ് യാദവ് വ്യക്തമാക്കിയിരുന്നു. പ്രയാഗ് രാജ് നഗരത്തിന്റെ നല്ലൊരു ഭാഗം ഉൾക്കൊള്ളുന്ന മണ്ഡലമായ ഫുൽപുർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരാണസി മണ്ഡലത്തിൽനിന്ന് 100 കിലോമീറ്റർമാത്രം അകലെയാണ്.
മുൻ പ്രധാനമന്ത്രിമാരായ ജവാഹർലാൽ നെഹ്റു, വി പി സിങ് എന്നിവര്‍ ഫുൽപുരിൽനിന്ന് പാർലമെന്റിൽ എത്തിയിട്ടുണ്ട്. ബിജെപിയുടെ കേശാരി ദേവി പട്ടേലാണ് നിലവിലെ എംപി.
നിതീഷ് സ്ഥാനാർഥിയായി എത്തിയാൽ കുർമികളടക്കം ഒബിസി വിഭാഗങ്ങളെ ഒപ്പംനിർത്തി പ്രതിപക്ഷം കിഴക്കൻ യുപിയിൽ നേട്ടമുണ്ടാക്കുമെന്ന ആശങ്ക ബിജെപിക്കുണ്ട്. ഇവിടെ സ്വാധിനമുള്ള ഓംപ്രകാശ് രാജ്ഭറിന്റെ സുഹൽദേവ് ഭാരതീയ സമാജ് പാർടിയെ (എസ്ബിഎസ്പി) എൻഡിഎയിൽ തിടുക്കപ്പെട്ട് ചേർത്തത് ഇതിന്റെ തെളിവാണ്. മുഖ്യമന്ത്രി ആദിത്യനാഥിന്റെ എതിർപ്പിനെ തള്ളിയായിരുന്നു ഈ നീക്കം.
‘ഇന്ത്യ’യുടെ മൂന്നാം യോഗം 31ന്
ന്യൂഡൽഹി
26 പ്രതിപക്ഷ പാർടികളുടെ കൂട്ടായ്മ ഇന്ത്യയുടെ മൂന്നാം യോഗം ആഗസ്ത് 31, സെപ്തംബർ ഒന്ന് തീയതികളിൽ മുംബൈയിൽ ചേരാൻ ധാരണ. വിവിധ പാർടികളുടെ സൗകര്യം പരിഗണിച്ച് തീയതിയിൽ മാറ്റമുണ്ടാകാം.