ട്രിനിഡാഡ്
ഇന്ത്യയുടെ പുതുനിരയ്ക്ക് വെസ്റ്റിൻഡീസിന്റെ താക്കീത്. അഞ്ച് മത്സര ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യകളിയിൽ നാലു റണ്ണിനാണ് ഇന്ത്യയെ കീഴടക്കിയത്. ജയിക്കാവുന്ന കളി ബാറ്റർമാർ കൈവിട്ടു. അരങ്ങേറ്റക്കാരൻ തിലക് വർമ (22 പന്തിൽ 39) ഒഴികെ മറ്റാർക്കും തിളങ്ങാനായില്ല. ബാറ്റിങ് ദുഷ്കരമായ പിച്ചിൽ സാഹചര്യത്തിനനുസരിച്ച് ബാറ്റ് വീശാൻ ആരുമുണ്ടായില്ല. ശുഭ്മാൻ ഗില്ലും സൂര്യകുമാർ യാദവും സഞ്ജു സാംസണുമെല്ലാം പതറി.
150 റണ്ണെന്ന വിജയലക്ഷ്യത്തിലേക്ക് നല്ല തുടക്കമിടാൻ ഇന്ത്യൻ ഓപ്പണർമാർക്കായില്ല. ഗില്ലും (3) ഇഷാൻ കിഷനും (6) വേഗം മടങ്ങി. സൂര്യകുമാറിന് (21 പന്തിൽ 21) പതിവുശൈലി കണ്ടെത്താനായില്ല. തിലകിനൊപ്പം കൂട്ടുകെട്ട് പടുത്തുയർത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും (19) സഞ്ജുവും (12) ക്രീസിലുള്ളപ്പോൾ ഇന്ത്യക്ക് ജയിക്കാൻ 30 പന്തിൽ 37 റൺ മതിയായിരുന്നു. 4–-113 എന്ന നിലയിലായിരുന്നു അപ്പോൾ. എന്നാൽ, ഹാർദിക്കിനെ ജാസൺ ഹോൾഡർ ബൗൾഡാക്കുകയും സഞ്ജുവിനെ കൈൽ മയേഴ്സ് റണ്ണൗട്ടാക്കുകയും ചെയ്തതോടെ ഇന്ത്യ ഇരുട്ടിലായി. സമർഥമായി പന്തെറിഞ്ഞ് വിൻഡീസ് പേസർമാർ ജയം പിടിക്കുകയും ചെയ്തു. ഐപിഎല്ലിൽ സമ്മർദങ്ങളിൽ ബാറ്റ് ചെയ്ത് പരിചയമുള്ള താരങ്ങളിൽ ഒരാൾപോലും ഉത്തരവാദിത്വം കാട്ടിയില്ല. കളിയിൽ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ഇരുടീമുകൾക്കും മത്സരത്തിന്റെ പത്തുശതമാനം പിഴയിട്ടു. രണ്ടാംകളി നാളെയാണ്.