കൊച്ചി
നഴ്സ് റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസിൽ ‘മാത്യു ഇന്റർനാഷണൽ’ സ്ഥാപന ഉടമയുടെ സ്വത്ത് പിടിച്ചെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സ്ഥാപന ഉടമ പി ജെ മാത്യുവിന്റെ 12 കോടി രൂപ വിപണിവിലയുള്ള സ്ഥാവരജംഗമ വസ്തുക്കളുടെ രേഖകൾ പിടിച്ചെടുത്തു. 76 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപങ്ങൾ മരവിപ്പിച്ചു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും മാത്യുവിന്റെ മുംബൈയിലെയും കൊച്ചിയിലെയും വസതികൾ പരിശോധിച്ചിരുന്നു.
കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് 2015ൽ കൺസൾട്ടൻസി കരാർ ലഭിച്ച സ്ഥാപനമായിരുന്നു മാത്യു ഇന്റർനാഷണൽ. കുവൈത്തിലേക്ക് 900 നഴ്സുമാരെ റിക്രൂട്ട് ചെയ്തതിൽനിന്ന് മാത്യു ഇന്റർനാഷണൽ 205.71 കോടി രൂപ തട്ടിയെന്ന് സിബിഐ കണ്ടെത്തിയിരുന്നു. പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസിന്റെ സഹായത്തോടെയായിരുന്നു തട്ടിപ്പ്.
സിബിഐ കൊച്ചിയിലെ പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസ് ഓഫീസർ എൽ അഡോൾഫ്, പി ജെ മാത്യു, മുനവറ അസോസിയറ്റ്സിന്റെ മുഹമ്മദ് നൈന എന്നിവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇഡി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുത്തത്.