കൊച്ചി
സാങ്കേതിക മേഖലയിലെ ഇറക്കുമതിക്ക് കേന്ദ്രം നിയന്ത്രണം റിലയൻസിനെ സഹായിക്കാനെന്ന് ആരോപണം ശക്തമാകുന്നു. സര്‍ക്കാരിന്റെ പ്രത്യേക ലൈസന്‍സ് ഉണ്ടെങ്കിലേ ഇനി ലാപ്ടോപ്, ടാബ്ലറ്റ്, കംപ്യൂട്ടര്‍, സെര്‍വര്‍ തുടങ്ങിയവ ഇറക്കുമതി ചെയ്യാനാകൂ. ആഭ്യന്തരോൽപ്പാദനം പ്രോത്സാഹിപ്പിക്കാനെന്ന പേരിൽ ഈ മാസം മൂന്നിനാണ് കേന്ദ്ര വിദേശ വ്യാപാര ഡയറക്ടറേറ്റ് ജനറൽ (ഡിജിഎഫ്ടി) ഇവയുടെ ഇറക്കുമതിക്ക് നിയന്ത്രണം പ്രഖ്യാപിച്ചത്.
റിലയന്‍സിന്റെ ജിയോബുക്ക് (2023) എന്ന പുതിയ ആന്‍ഡ്രോയ്ഡ് അധിഷ്ഠിത ലാപ്ടോപ് പുറത്തിറങ്ങിയതിനു പിന്നാലെയാണിത്. ജൂലൈ മുപ്പത്തൊന്നിനാണ് ജിയോബുക് വിപണിയിലെത്തിയത്. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ആദ്യ ജിയോബുക് പുറത്തിറങ്ങിയപ്പോള്‍ത്തന്നെ ഇത്തരത്തിൽ നിയന്ത്രണമുണ്ടാകുമെന്ന് ഇലക്ട്രോണിക്സ് വ്യവസായ, വാണിജ്യ ലോകത്ത് ആശങ്ക ഉയര്‍ന്നിരുന്നു. നടപടി ലാപ്ടോപ്പുകളുടെയും ടാബ്ലറ്റുകളുടെയും വില കുത്തനെ ഉയര്‍ത്തുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. രാജ്യത്ത് മുന്‍നിര ലാപ്ടോപ്പുകളുടെ ഭൂരിഭാഗവും ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യുന്നവയാണ്. ഇതിന് തടയിടുക എന്ന ലക്ഷ്യംകൂടി ഉത്തരവിനുപിന്നിലുണ്ട്.
സ്വകാര്യ ഉപയോഗത്തിനോ സമ്മാനം നല്‍കാനോ ഉപകരണം വിദേശത്തുനിന്ന് എക്സൈസ് തീരുവ അടച്ച് കൊണ്ടുവരുന്നതിന് നിയന്ത്രണമില്ല. എന്നാല്‍, അത് വില്‍ക്കാനാകില്ല. ഇ–-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയോ കൊറിയറായോ കൊണ്ടുവരുന്നതിനും ഇളവ് ലഭിക്കും. പരീക്ഷണം, ഗവേഷണ–-വികസനം (ആര് ആന്‍ഡ് ഡി ), കേടുതീര്‍ക്കല്‍, ഉല്‍പ്പന്ന വികസനം, മൂല്യനിര്‍ണയം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഒരുതവണ ഇരുപതിനംവരെ പ്രത്യേകാനുമതിയോടെ കൊണ്ടുവരാം. ആവശ്യം കഴിഞ്ഞാല്‍ അവ കയറ്റുമതി ചെയ്യുകയോ നശിപ്പിക്കുകയോ വേണം. കംപ്യൂട്ടറിന് ആവശ്യമായ ഘടകങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് നിയന്ത്രണമില്ല.