തിരുവനന്തപുരം > എസ്എൻഡിപി യോഗത്തെയും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും ഓൺലൈൻ ചാനലിലൂടെ അധിക്ഷേപിക്കുന്ന ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്യണമെന്നും മറുനാടൻ മലയാളി യൂട്യൂബ് ചാനൽ അടച്ചു പൂട്ടണമെന്നും ആവശ്യപ്പെട്ട് യൂത്ത്മൂവ്മെന്റ് മാർച്ച് നടത്തി. പട്ടത്തെ ഓഫീസിലേക്കായിരുന്നു മാർച്ച്.
എസ്എൻഡിപി യോഗം പന്തളം യൂണിയൻ പ്രസിഡന്റ് സിനിൽ മുണ്ടപ്പിള്ളി ഉദ്ഘാടനം ചെയ്തു. നേമം യൂണിയൻ സെക്രട്ടറി മേലാംകോട് സുധാകരൻ അധ്യക്ഷനായി. പച്ചയിൽ സന്ദീപ്, ടി എൻ സുരേഷ്, പരുത്തിപ്പള്ളി സുരേന്ദ്രൻ, ഡി പ്രേംരാജ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന പൊലീസ് മേധാവിക്ക് എസ്എൻഡിപി പ്രവർത്തകർ പരാതി നൽകി. വിവിധ പൊലീസ് സ്റ്റേഷനുകളിലായി 56 പരാതി നൽകിയിട്ടുണ്ട്. അടുത്ത ദിവസം മുഖ്യമന്ത്രിക്കും പരാതി നൽകുമെന്ന് എസ്എൻഡിപി നേതാക്കൾ പറഞ്ഞു.
മത സമുദായങ്ങൾ തമ്മിൽ സംഘർഷമുണ്ടാക്കാനും നാടിന്റെ സമാധാനാന്തരീക്ഷം തകർക്കാനുമാണ് ഷാജൻ സ്കറിയ ശ്രമിക്കുന്നതെന്ന് പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു. ഷാജൻ സ്കറിയക്കും വീഡിയോ നിർമാണത്തിനു പിന്നിൽ പ്രവർത്തിച്ചവർക്കുമെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.