ന്യൂഡൽഹി > രാജ്യത്ത് പലയിടത്തും വിദ്വേഷത്തിന്റെ പുക ഉയരുമ്പോൾ കേരളം ഒരുമയുടെ പ്രതീകമായി നിലകൊള്ളുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹിയിൽ നവീകരിച്ച ട്രാവൻകൂർ പാലസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാംസ്കാരിക വൈവിധ്യത്തിന് നേരെ ഇപ്പോൾ രാജ്യമെങ്ങും കടുത്ത ആക്രമണമാണെന്നും, വൈവിധ്യത്തെ ഏകത്വമാക്കാൻ ശ്രമിച്ചാലുണ്ടായാലുള്ള ഫലമാണ് മണിപ്പൂരിൽ ഉൾപ്പെടെ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറ്റൊരു ഭരണവ്യവസ്ഥയിൽ നിന്ന് കൈമാറി കിട്ടുന്നവയെ എങ്ങനെ ഉപയോഗിക്കണമെന്ന ചോദ്യത്തിന്റെ മറുപടി ആയിരിക്കും ട്രാവൻകൂർ പാലസിന്റെ ഇനിയുള്ള പ്രവർത്തനങ്ങൾ. മാറുന്ന കേരളത്തിന്റെ പ്രതീകമായാണ് ഇനി പാലസ് നിൽക്കുകയെന്നും രാജഭരണ കാലത്തുനിന്ന് കിട്ടിയവയെ കാലികമായി പുതുക്കുക എന്നതാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളീയ ജീവിതത്തിന്റെ ബഹുസ്വരത ഇവിടെ പ്രതിഫലിക്കും. കാലികവും സാംസ്കാരികവുമായ ബഹുസ്വരതയ്ക്കും അതിന്റെ സംരക്ഷണത്തിനും വർധിച്ച പ്രാധാന്യമുള്ള കാലത്താണ് നാം കഴിയുന്നത്. ഇതിന് നേരെയുളള കടുത്ത ആക്രമണങ്ങൾ നമ്മെ വേദനിപ്പിക്കുന്ന കാര്യമാണ്. മണിപ്പൂരിൽ നിന്നടക്കം ഇത്തരം വാർത്തകളാണ് വരുന്നത്. രാജ്യത്തിന്റെ പല ദിക്കിലും വിദ്വേഷത്തിന്റെ പുക ഉയരുന്നുണ്ട്. ഇത് സ്വയമേ ഉണ്ടായിവരുന്നതല്ല. ചിലരുടെ രാഷ്ട്രീയ താൽപര്യങ്ങളുടെ ഫലമായി ഉണ്ടാക്കുന്നതാണ്. മുഖ്യമന്ത്രി പറഞ്ഞു.
കേരളീയ സംസ്കാരിക ചൈതന്യം പ്രസരിപ്പിക്കുന്ന ചൈതന്യമായി പാലസ് മാറണം. ഡൽഹി എന്ന നഗരത്തിന് കേരളത്തോടുള്ള ബന്ധം ഏറെയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി മുകുന്ദനും ഒ വി വിജയനുമുൾപ്പെടെയുള്ള സാഹിത്യകാരൻമാർ അടയാളപ്പെടുത്തിയ ഡൽഹിയെക്കുറിച്ചും ഉദ്ഘാടനചടങ്ങിൽ പരാമർശിച്ചു.