തിരുവനന്തപുരം> മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സംസ്ഥാന നാഷണല്‍ സര്‍വീസ് സ്കീമിന്റെ നേതൃത്വത്തില്‍ വിവിധ യൂണിറ്റുകള്‍ക്ക് കീഴില്‍ ‘സ്നേഹാരാമങ്ങള്‍’ ഒരുക്കുമെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ ആര് ബിന്ദു പറഞ്ഞു. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ‘ഹരിതം നിര്‍മ്മലം’ പദ്ധതിയുടെ ഭാഗമായാണ് വിവിധ കേന്ദ്രങ്ങളില്‍ സ്നേഹാരാമങ്ങള്‍ ഒരുക്കുന്നത്.
കേരളത്തിലെ 3000 കേന്ദ്രങ്ങളാണ് സ്നേഹാരാമങ്ങളാക്കുന്നത്. 3500 എന്‍ എസ് എസ് യൂണിറ്റുകളില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നതിന്റെ ഭാഗമായാണ് സ്നേഹാരാമങ്ങള്‍ ഒരുക്കുന്നത്. നാഷണല്‍ സര്‍വീസ് സ്കീമിന്റെ നേതൃത്വത്തില്‍ കലാലയങ്ങളിലെ മറ്റ് വിദ്യാര്‍ഥി കൂട്ടായ്മകള്‍, ത്രിതല പഞ്ചായത്ത് സമിതികള്‍, ബഹുജന കൂട്ടായ്മകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി പൂര്‍ത്തീകരിക്കുക.
ഓരോ എന്‍എസ്എസ് യൂണിറ്റും പൊതുജനങ്ങള്‍ അലക്ഷ്യമായി മാലിന്യം നിക്ഷേപിച്ചുകൊണ്ടിരിക്കുന്ന ഏതെങ്കിലും ഒരു പ്രദേശമോ വൃത്തിഹീനമായി കിടക്കുന്ന പൊതുസ്ഥലമോ ഏറ്റെടുത്ത് മാലിന്യമുക്ത പ്രദേശമാക്കി, പൊതുജനങ്ങള്‍ക്കു ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ മാറ്റിയെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. എന്‍ എസ് എസ് യൂണിറ്റുകള്‍ തങ്ങളുടെ തൊട്ടടുത്തുള്ള പൊതുസ്ഥലങ്ങളോ, ദത്തുഗ്രാമങ്ങളിലോ ആയിരിക്കും പദ്ധതി നടപ്പിലാക്കുക. ഗാന്ധിജയന്തി ദിനത്തില്‍ ആരംഭിക്കുന്ന ക്യാമ്പയിന് 2024 ജനുവരി ഒന്നിന് അവസാനിക്കുന്ന രീതിയിലാണ് ആസൂത്രണം.
എന്‍ എസ് എസ് സന്നദ്ധഭടന്മാരെ മാലിന്യമുക്തം നവകേരളം 2024 പദ്ധതിയിലെ വിവരവിജ്ഞാന ശേഷിവികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കും. മാലിന്യസംസ്്കരണത്തില് പൗരന്റെ ഉത്തരവാദിത്തങ്ങളെ കുറിച്ചും പിന്തുടരേണ്ട ശരിയായ ശീലങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിച്ച് സന്നദ്ധഭടന്മാരെ സാമൂഹികമാറ്റത്തില്‍ ചാലകശക്തിയാക്കി മാറ്റുക കൂടിയാണ് ക്യാമ്പയിനിന്റെ ലക്ഷ്യം.
മാലിന്യം വലിച്ചെറിയലിനെതിരെ പ്രതിരോധം സൃഷ്ടിക്കാന്‍ എന്‍ എസ് എസ് വോളന്റിയര്‍മാരുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും. വിദ്യാലയങ്ങളെ മാതൃകാ ഹരിതസ്ഥാപനങ്ങളാക്കി മാറ്റും. ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങളെ കൃത്യമായി ഡോക്യുമെന്റ് ചെയ്യാനുള്ള നൈപുണ്യം വളര്‍ത്തലും പദ്ധതിയുടെ ഭാഗമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി കൂടിയാലോചിച്ചായിരിക്കും പ്രദേശം തീരുമാനിക്കുന്നത്. പച്ചത്തുരുത്ത്, ചുമര്‍ചിത്രം, വെര്‍ട്ടിക്കല്‍ ഗാര്ഡന്, പാര്‍ക്ക്, വിശ്രമ സംവിധാനം, ഇന്സ്റ്റലേഷന് എന്നിങ്ങനെ വോളന്റിയര്‍മാരുടെ സര്‍ഗ്ഗാത്മകത കാഴ്ചവെക്കുന്ന തരത്തിലായിരിക്കും പ്രദേശം സ്നേഹാരാമമായി മാറ്റിയെടുക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ചേര്‍ന്ന് സെപ്റ്റംബര്‍ ആദ്യആഴ്ചക്ക് മുന്‍പ് തന്നെ പ്രദേശം കണ്ടെത്തി തീരുമാനമെടുക്കും. കണ്ടെത്തിയ പ്രദേശത്തിന് സ്നേഹാരാമം എന്ന പേര് നല്‍കും. ഡിസംബര്‍ മാസം എന്‍ എസ് എസ് യൂണിറ്റുകള്‍ സംഘടിപ്പിക്കുന്ന സപ്തദിന ക്യാമ്പുകള്‍ കഴിയുമ്പോഴേക്കും പ്രദേശത്തെ സൗന്ദര്യവത്കരണം പൂര്‍ത്തിയാക്കും. ജനുവരി ഒന്നോടു കൂടി കേരളത്തിലെ എല്ലാ പ്രദേശങ്ങളും ഒരേ സമയത്ത് ഉദ്ഘാടനം ചെയ്യുന്ന വിധത്തില്‍ മെഗാ ഈവന്റ് വോളന്റിയര്‍മാരുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കും – മന്ത്രി ഡോ ആര് ബിന്ദു പറഞ്ഞു.