ന്യൂഡൽഹി > ഓൾ ഇന്ത്യ ഇൻഷുറൻസ് പെൻഷനേഴ്സ് അസോസിയേഷൻ പ്രതിനിധി സംഘം കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമനെ സന്ദർശിച്ച് നിവേദനം നൽകി. ജോൺ ബ്രിട്ടാസ് എം പിയും ഒപ്പമുണ്ടായിരുന്നു. സന്ദർശനത്തിൽ എൽഐസി യിലെയും പൊതുമേഖല ജനറൽ ഇൻഷുറൻസ് കമ്പനികളിലെയും കുടുംബ പെൻഷൻ വർദ്ധിപ്പിക്കേണ്ട കാര്യങ്ങൾ അവതരിപ്പിക്കുകയും നിവേദനം നൽകുകയും ചെയ്തു.
എൽഐസി യിലെയും പൊതുമേഖല ജനറൽ ഇൻഷുറൻസ് കമ്പനികളിലെയും കുടുംബ പെൻഷൻ 30% ആയി വർദ്ധിപ്പിക്കാനുള്ള നിർദ്ദേശം എൽഐസിയുടെ ബോർഡ് നാലു വർഷങ്ങൾക്ക് മുമ്പും ജിപ്സ രണ്ടു വർഷങ്ങൾക്കു മുമ്പും കേന്ദ്ര സർക്കാറിന് സമർപ്പിച്ചിട്ടുള്ളതാണ്. ഇതിൽ തീരുമാനം ഉണ്ടായിട്ടില്ലെന്നും ആർബിഐ, നബാർഡ്, പൊതുമേഖലാ ബാങ്കുകൾ, റീജിയണൽ റൂറൽ ബാങ്കുകൾ എന്നിവിടങ്ങളിൽ ഇതിനിടെ കുടുംബ പെൻഷൻ വർദ്ധനവിന് കേന്ദ്ര സർക്കാർ അനുവാദം നൽകിയതായും നിവേദക സംഘം കേന്ദ്ര ധനകാര്യ മന്ത്രിയെ ധരിപ്പിച്ചു. എൽഐസി ബോർഡിന്റെയും ജിപ്സയുടെയും കുടുംബ പെൻഷൻ വർദ്ധിപ്പിക്കാനുള്ള നിർദേശം അടിയന്തിരമായി നടപ്പിലാക്കണമെന്നും സംഘം ആവശ്യപ്പെട്ടു. ആവശ്യങ്ങൾ പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
എഐഐപിഎ പ്രസിഡന്റ് ശതഞ്ജിബ്ദാസ്, ജനറൽ സെക്രട്ടറി എം.കുഞ്ഞികൃഷ്ണൻ എന്നിവരാണ് ജോൺ ബ്രിട്ടാസ് എം. പി യോടൊപ്പം
മന്ത്രിയെ സന്ദർശിച്ചത്.