കാഞ്ഞങ്ങാട് > നോർത്ത് കോട്ടച്ചേരി റെഡ് സ്റ്റാർ ക്ലബ് നൽകുന്ന കൂർമൽ എഴുത്തച്ഛൻ പുരസ്കാരം ജില്ലയിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് എ കെ നാരായണന്. ഡോ. സി ബാലൻ, പ്രൊഫ. കെ പി ജയരാജൻ, ഡോ. എ അശോകൻ എന്നിവരടങ്ങിയ പുരസ്കാരസമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. അസംഘടിതമായ ബീഡിതൊഴിലാളികളെ സംഘടിപ്പിക്കുകയും അവർക്കു വേണ്ടി പ്രവർത്തിക്കുകയും ചെയ്ത വ്യക്തിയാണ് എ കെ നാരായണൻ.
സിപിഐ എം ജില്ലാസെക്രട്ടറി, സംസ്ഥാന സമിതി അംഗം, ബീഡി തൊഴിലാളി യൂണിയൻ അഖിലേന്ത്യാ പ്രസിഡന്റ്, തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൺസ്യൂമർ ഫെഡ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. അടിയന്തിരാവസ്ഥ കാലഘട്ടത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട 18 മാസക്കാലം മിസ തടവുകാരനായി കണ്ണൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞിട്ടുണ്ട്.ഭാര്യ ഇന്ദിര, മക്കൾ :ലൈല, അനിത, ആശ, സീമ.
തിരുവോണ നാളിൽ നോർത്ത് കോട്ടച്ചേരിയിൽ നടക്കുന്ന പരിപാടിയിൽ എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ പുരസ്കാരം സമ്മാനിക്കും. ശിൽപ്പവും പ്രശംസാപത്രവും 10000 രൂപയുമാണ് പുരസ്കാരം. കാഞ്ഞങ്ങാട് നടന്ന വാർത്ത സമ്മേളനത്തിൽ പുരസ്കാര കമ്മിറ്റി ചെയർമാൻ ഡോ. സി ബാലൻ, സംഘാടക സമിതി ഭാരവാഹികളായ കെ സബീഷ്, എം സുനിൽ, എം വി രാഘവൻ, പി വി ബാലകൃഷ്ണൻ, ചെറക്കോട് കുഞ്ഞിക്കണ്ണൻ,എം വി ദിലീപ്, പി വി ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.















