പാലക്കാട് > ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിക്ക് പകരം പൊലീസ് അറസ്റ്റ് ചെയ്ത എൺപത്തിനാലുകാരിയെ നിരപരാധിത്വം തിരിച്ചറിഞ്ഞ് കോടതി വിട്ടയച്ചു. കുനിശേരി മഠത്തിൽ വീട്ടിൽ ഭാരതിയമ്മയെയാണ് പാലക്കാട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 3 വിട്ടയച്ചത്. നാലുവർഷം കോടതി കയറിയിറങ്ങിയശേഷം സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ് നിരപരാധിത്വം തെളിഞ്ഞത്.
1998ലാണ് കേസിനാസ്പദമായ സംഭവം. കള്ളിക്കാട് സ്വദേശി രാജഗോപാലിന്റെ വീട്ടുജോലിക്കാരിയായിരുന്ന ഭാരതി വീട്ടുകാരുമായി പ്രശ്നം ഉണ്ടാക്കുകയും വീട്ടുകാരെ അസഭ്യം പറയുകയും ചെടിച്ചട്ടികൾ എറിഞ്ഞുടയ്ക്കുകയും ചെയ്തെന്നാണ് പരാതി. പൊലീസ് അറസ്റ്റ് ചെയ്ത പ്രതി പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങി. 2019ൽ പഴയ പ്രതിയാണെന്ന് ആരോപിച്ച് ഭാരതിയമ്മയെ പാലക്കാട് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ജാമ്യം ലഭിച്ചെങ്കിലും പിന്നീട് ആ ഭാരതിയമ്മ താനല്ലെന്ന് തെളിയിക്കാൻ കോടതി കയറിയിറങ്ങുകയായിരുന്നു. മഠത്തിൽ വീട് എന്ന പേരിൽ ഒരുപാട് വീടുകളുള്ളതിനാൽ മാറിപ്പോയതാകാമെന്നാണ് സംഭവത്തിൽ പൊലീസ് വിശദീകരണം.















