മലപ്പുറം
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മഞ്ചേരിയിലെ പരിശീലനകേന്ദ്രം ദേശീയ സുരക്ഷാ ഏജൻസി (എൻഐഎ) അടച്ചുപൂട്ടി. അരീക്കോട് റോഡിൽ ഗ്രീൻവാലി ഫൗണ്ടേഷന്റെ കീഴിലുള്ള ഗ്രീൻവാലി അക്കാദമിയാണ് കഴിഞ്ഞദിവസം പുലർച്ചെ റെയ്ഡ് നടത്തി എൻഐഎ അടച്ചുപൂട്ടിയത്. പിഎഫ്ഐയുടെ കേരളത്തിലെ ഏറ്റവും വലുതും പഴയതുമായ കേന്ദ്രമായ ഗ്രീൻവാലി അക്കാദമി പത്തേക്കറിൽ വ്യാപിച്ചുകിടക്കുന്നതാണ്.
സ്ഫോടകവസ്തുക്കളുടെ പ്രയോഗം, ആയുധങ്ങളുടെ ഉപയോഗം എന്നിവ പരിശീലിപ്പിക്കാൻ ഇവിടെ സൗകര്യമുണ്ടെന്ന് എൻഐഎ പരിശോധനയിൽ കണ്ടെത്തി. തീവ്ര വർഗീയ ആശയങ്ങൾ പഠിപ്പിക്കുന്നതും ഇവിടെയാണ്. ദേശസുരക്ഷയ്ക്ക് ഭീഷണിയാകുന്ന പിഎഫ്ഐ ഉൾപ്പെടെ രാജ്യത്തെ 59 സ്ഥാപനങ്ങൾക്കോ സംഘടനകൾക്കോ എതിരെ കഴിഞ്ഞ മാർച്ച് 17ന് എൻഐഎ കുറ്റപത്രം നൽകിയിരുന്നു.
പിഎഫ്ഐയുടെ അഞ്ച് പരിശീലനകേന്ദ്രങ്ങളും നേരത്തെ എൻഐഎ അടച്ചുപൂട്ടി. മലബാർ ഹൗസ്, പെരിയാർവാലി, വള്ളുവനാട് ഹൗസ്, കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ്, ട്രിവാൻഡ്രം എജുക്കേഷൻ ആൻഡ് സർവീസ് ട്രസ്റ്റ് എന്നിവയാണിവ. പിഎഫ്ഐ നേതാക്കളുടെയും പ്രവർത്തകരുടെയും പേരിൽ കാരുണ്യ, വിദ്യാഭ്യാസ ട്രസ്റ്റുകൾ രൂപീകരിച്ച് ഇത്തരം പ്രവർത്തനം നടത്തുന്നതായി കണ്ടെത്തിയെന്നും എൻഐഎ വ്യക്തമാക്കി.