തൃശൂർ> പൂങ്കുന്നം വെസ്റ്റ് ഫോർട്ട് ഹൈടെക് ആശുപത്രി അടച്ചുപൂട്ടി. 200 ലേറെ ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകാതെയാണ് അടച്ചുപൂട്ടൽ. തൊഴിൽ നിയമങ്ങൾ കാറ്റി പരത്തി ആശുപത്രി പൂട്ടിയതിനെതിരെ ജീവനക്കാർ സമരം ആരംഭിച്ചു.
അഞ്ചുവർഷമായി കടുത്ത സാമ്പത്തീക പ്രതിസന്ധിയും നഷ്ടവും വന്നതിനെ തുടർന്ന് ജൂലായ് 31ന് ആശുപത്രി അടച്ചുപൂട്ടുകയാണെന്ന് പറഞ്ഞ് ജൂലായ് 19ന് ജീവനക്കാർക്ക് നോട്ടീസ് നൽകിയിരുന്നു. ആനുകൂല്യങ്ങൾ ഒമ്പതുമാസത്തിനകം തീർക്കാമെന്നുമാണ് നോട്ടീസ്. ജൂലായ് മാസത്തെ ശമ്പളവും നൽകിയിട്ടില്ല. ആഗസ്റ്റ് ഒന്നിന് ജീവനക്കാർ ജോലിക്കെത്തിയപ്പോൾ സ്ഥാപനം അടച്ചുപൂട്ടി കിടക്കുകയായിരുന്നു. ഇതോടെ ജീവനക്കാർ ആശുപത്രിക്കു മുന്നിൽ പ്രതിഷേധം ആരംഭിച്ചു.
അടച്ചുപൂട്ടൽ നോട്ടീസ് ലഭിച്ചതോടെ ലേബർ ഓഫീസർക്ക് പരാതി നൽകിയിരുന്നതായി ജീവനക്കാർ പറയുന്നു. തിങ്കളാഴ്ച നടന്ന ചർച്ചയിൽ സ്ഥാപനം പൂട്ടുന്നതിനു നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടി. സ്ഥാപനം പാട്ടത്തിന് നൽകുകയാണെന്നാണ് ഉടമകളുടെ പ്രതിനിധികൾ അറിയിച്ചത്. എന്നാൽ നിലവിലുള്ള ജീവനക്കാരെ തുടർന്ന് ജോലിക്ക് നിയോഗിക്കണമെന്ന് ജീവനക്കാർ പറഞ്ഞു. ഇക്കാര്യം പരിഗണിക്കാതെ പൂട്ടരുതെന്ന് ലേബർ ഓഫീസർ അറിയിച്ചു. എന്നാൽ ബുധനാഴ്ച രാവിലെ ആശുപത്രി പൂട്ടുകയായിരുന്നു. ഈ ആശുപത്രി ആരംഭിച്ച നാൾമുതൽ ജോലിയിലുള്ളവരുണ്ട്. പലർക്കും മറ്റു സ്ഥാപനങ്ങളിൽ ജോലി കിട്ടാൻ ബുദ്ധിമുട്ടാണ്. ജോലിയിലെ വരുമാനം പ്രതീക്ഷിച്ച് വാങ്ങിയ വായ്പകളും മറ്റും അടക്കാനാവാതെ ദുരിതത്തിലാവുമെന്ന് ജീവനക്കാർ പറയുന്നു.