ആലപ്പുഴ> നാഷണൽ ഗ്രിഡിൽനിന്നുള്ള വൈദ്യുതി വാങ്ങൽ, പ്രസരണനഷ്ടം, എന്നിവയിലെല്ലാം സത്യം മറച്ചുവച്ച് മനോരമയുടെ വാർത്താപരമ്പര. പകൽ യൂണിറ്റിന് 2.50 രൂപയ്ക്ക് നാഷണൽ ഗ്രിഡിൽ നിന്ന് വൈദ്യുതി കിട്ടുമ്പോൾ എന്തിനാണ് ദീർഘകാലകരാറിലൂടെ 4.5 രൂപയ്ക്ക് വൈദ്യുതി വാങ്ങുന്നതെന്നാണ് പരമ്പരയിലെ പ്രധാന ചോദ്യങ്ങളിലൊന്ന്. സോളാർ വൈദ്യുതി പകലേ കിട്ടൂ. വൈദ്യുതിക്ക് ആവശ്യം കൂടുതൽ രാത്രിയും. ആ സമയത്ത് വൈദ്യുതിക്ക് കമ്പോളത്തിൽ പൊളളുന്ന വിലയാണ്. പകൽ കിട്ടുന്ന വില കുറഞ്ഞ സോളാർ വൈദ്യുതി വാങ്ങി വച്ച് രാത്രിയിൽ ഉപയോഗിക്കാൻ കഴിയില്ല.
രാത്രി വെെദ്യുതി മുടങ്ങാതെ കിട്ടാനാണ് ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ. പത്തും പതിനഞ്ചും വർഷത്തേക്ക് വാങ്ങാൻ കരാറിലേർപ്പെടുമ്പോൾ രാത്രിയിലും യൂണിറ്റിന് 4.50 രൂപക്ക് വെെദ്യുതി കിട്ടും. അന്നന്ന് വാങ്ങിയാൽ 20 രൂപ വരെയാകും. പകൽ കിട്ടുന്ന സോളാർ വൈദ്യുതി, രാത്രിയിലും കിട്ടുന്ന ദീർഘകാല കരാറിന് പകരമാകില്ലെന്നു ചുരുക്കം.
പകൽദിവസേന 2.50 രൂപക്ക് നാഷണൽ ഗ്രിഡിൽ നിന്ന് സോളാർ വൈദ്യുതി കിട്ടുമെന്നതും സത്യവിരുദ്ധമാണ്.
ആകെ “പ്രസരണ നഷ്ടം ’ എന്ന് തെറ്റിധരിപ്പിക്കുന്ന തലക്കെട്ടാണ്പരമ്പരയുടെ രണ്ടാംദിവസം. രാജ്യസഭയിൽ 2023 മാർച്ച് 14 ന് കേന്ദ്ര ഊർജ മന്ത്രി ആർ കെ സിങ്ങ് നൽകിയ കണക്കനുസരിച്ച് രാജ്യത്ത് ഏറ്റവും കുറവ് പ്രസരണ വിതരണ നഷ്ടം എന്ന നേട്ടം കേരളത്തിനാണ്–- 7.76 ശതമാനം മാത്രം. വിസ്തൃതി കുറഞ്ഞ ചില കേന്ദ്ര ഭരണ പ്രദേശങ്ങളിൽ മാത്രമാണ് കേരളത്തേക്കാൾ കുറവ് പ്രസരണ വിതരണ നഷ്ടമുള്ളത്.
രാജ്യത്തെ എഴുപതോളം വൈദ്യുതി കമ്പനികളുടെ പ്രസരണ വിതരണ നഷ്ടത്തിന്റെ കണക്കും അതോടൊപ്പം നൽകിയിട്ടുണ്ട്. അതിൽ പ്രസരണ-വിതരണ നഷ്ടം ഒറ്റ അക്കത്തിലേക്ക് കുറച്ചു കൊണ്ടുവന്ന ചുരുക്കം ചില കമ്പനികളിൽ ഒന്ന് കെ എസ് ഇ ബിയാണ് . പല സ്വകാര്യ കമ്പനികളേക്കാളും മെച്ചപ്പെട്ട നിലയിലാണ് പൊതുമേഖല സ്ഥാപനമായ കെ എസ് ഇ ബി യുടെ പ്രകടനം . അതേസമയം തൊട്ടടുത്ത പേജിലെ സ്മാർട്ട് മീറ്റർ വാർത്തയിൽ രാജ്യത്ത് പ്രസരണ വിതരണ നഷ്ടം ഏറ്റവും കുറവ് കേരളത്തിലാണ് എന്നും പറയുന്നതാണ് വിചിത്രം.