ന്യൂഡൽഹി> ഫൈസാബാദിൽ 1992 ഡിസംബർ ആറിന് ബാബ്റി പള്ളി തകർക്കാൻ സംഘപരിവാർ പ്രവർത്തകർക്ക് അന്ന് കേന്ദ്രം ഭരിച്ച കോൺഗ്രസ് സർക്കാർ അവസരമൊരുക്കിയിരുന്നെന്ന് വെളിപ്പെടുത്തൽ. ഇക്കാര്യം പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവു തന്നെ ഒരു മുതിർന്ന മാധ്യമപ്രവർത്തകനോട് പറഞ്ഞിരുന്നതായി പത്രപ്രവർത്തകയായിരുന്ന നീരജ ചൗധുരിയുടെ അടുത്തുതന്നെ പുറത്തിറങ്ങുന്ന ‘ഹൗ പ്രൈം മിനിസ്റ്റേഴ്സ് ഡിസൈഡ്സ്’ എന്ന പുസ്തകത്തിൽ പറയുന്നു.
തകർക്കപ്പെട്ട ബാബ്റി മസ്ജിദിന്റെ സ്ഥാനത്ത് രാമക്ഷേത്രം പണിയാനും റാവു അതീവമായി താൽപ്പര്യപ്പെട്ടിരുന്നതായി പുസ്തകത്തിലുണ്ട്. ആർഎസ്എസ് നേതൃത്വവുമായി എൺപതുകളിൽ രാജീവ് ഗാന്ധി പലവട്ടം കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന വെളിപ്പെടുത്തലും നീരജ ചൗധുരിയുടെ പുസ്തകത്തിലുണ്ട്. ഈ കൂടിക്കാഴ്ചകൾക്കു പിന്നാലെയാണ് 1986ൽ ബാബ്റി പള്ളി പൂജകൾക്കായി രാജീവ് ഗാന്ധി സർക്കാർ തുറന്നുകൊടുത്തത്. ഇന്ത്യയിൽ സംഘപരിവാറിന്റെ വളർച്ചയ്ക്ക് വഴിയൊരുക്കിയ നടപടിയായി ഇത് വിലയിരുത്തപ്പെടുന്നു.
ബാബ്റി പള്ളി തകർക്കപ്പെട്ടതിനുശേഷം മുതിർന്ന മാധ്യമപ്രവർത്തകനായ നിഖിൽ ചക്രവർത്തി റാവുവിനെ കണ്ടപ്പോൾ ഡിസംബർ ആറിന് താങ്കൾ പൂജ നടത്തുകയായിരുന്നുവെന്ന് കേട്ടല്ലോയെന്ന് പരിഹസിച്ചു. സംഭവിച്ചതെല്ലാം നല്ലതിനെന്നായിരുന്നു റാവുവിന്റെ മറുപടി. പള്ളി പൊളിക്കാൻ താൻ അനുവദിച്ചുകൊടുക്കുകയായിരുന്നുവെന്നും ബിജെപിയുടെ അമ്പല രാഷ്ട്രീയം എക്കാലത്തേക്കുമായി ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യമെന്നും റാവു ചക്രവർത്തിയോട് പറഞ്ഞു.
ബാബ്റി പള്ളി തകർക്കപ്പെട്ട സ്ഥലത്ത് രാമക്ഷേത്രം പണിയാൻ തനിക്ക് താൽപ്പര്യമുണ്ടെന്ന കാര്യം മാധ്യമഉപദേഷ്ടാവായിരുന്ന പി വി ആർ കെ പ്രസാദിനോടാണ് റാവു വെളിപ്പെടുത്തിയത്. അമ്പലം പണിയുന്നതിനായി ഒരു ട്രസ്റ്റ് രൂപീകരിക്കാനും പ്രസാദിനോട് റാവു ആവശ്യപ്പെട്ടു. സിഐഎസ്എഫ് ഡിഐജിയും ഐപിഎസുകാരനുമായ കിഷോർ കുണാലും ഇത് സ്ഥിരീകരിക്കുന്നുണ്ട്. രാമവിഗ്രഹങ്ങൾ സൂക്ഷിച്ചിട്ടുള്ള സ്ഥലത്തുതന്നെ അമ്പലം പണിയാൻ റാവു താൽപ്പര്യപ്പെട്ടുവെന്നാണ് കുണാൽ പറയുന്നത്.
ബിജെപിയെ എതിരിടാം എന്നാൽ ഭഗവാൻ രാമനെ എങ്ങനെ എതിരിടാനാണെന്ന് റാവു പറഞ്ഞതായും പ്രസാദിന്റെ വെളിപ്പെടുത്തലുണ്ട്. കോൺഗ്രസ് മതനിരപേക്ഷ പാർടിയാണെന്ന് പറയുമ്പോഴും നമ്മളാരും നിരീശ്വരവാദികളല്ലെന്നും റാവു പ്രസാദിനോട് പറഞ്ഞു.