ന്യൂഡൽഹി> ഏകദേശം ഒരുവർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര കളത്തിലേക്ക് തിരിച്ചെത്തുന്നു. അയർലൻഡുമായുള്ള ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിൽ ക്യാപ്റ്റനായാണ് തിരിച്ചുവരവ്. ഈ മാസം 18നാണ് ആദ്യ മത്സരം. ആകെ മൂന്ന് മത്സരമാണ്. മലയാളിതാരം സഞ്ജു സാംസൺ സ്ഥാനം നിലനിർത്തി.
കഴിഞ്ഞവർഷം സെപ്തംബറിലാണ് ബുമ്ര അവസാനമായി ഇന്ത്യക്കുവേണ്ടി കളിച്ചത്. പരിക്ക് തളർത്തി. ശസ്ത്രക്രിയക്കുശേഷം കഴിഞ്ഞ രണ്ടുമാസമായി ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലായിരുന്നു. പരിശീലന മത്സരങ്ങളും കളിച്ചു.
ഏഷ്യൻ ഗെയിംസ് ടീമിന്റെ ക്യാപ്റ്റനായ ഋതുരാജ് ഗെയ്ക്ക്വാദ് വൈസ് ക്യാപ്റ്റനാകും. തിലക് വർമ, റിങ്കു സിങ് തുടങ്ങിയവരും ടീമിലുണ്ട്. പരിക്കുമാറിയ പേസർ പ്രസിദ്ധ് കൃഷ്ണയും ഇടംകണ്ടു. ടീം: ജസ്പ്രീത് ബുമ്ര, ഋതുരാജ് ഗെയ്ക്ക്വാദ്, യശസ്വി ജയ്സ്വാൾ, തിലക് വർമ, റിങ്കു സിങ്, സഞ്ജു സാംസൺ, ജിതേഷ് ശർമ, ശിവം ദുബെ, വാഷിങ്ടൺ സുന്ദർ, ഷഹബാസ് അഹമ്മദ്, രവി ബിഷ്ണോയ്, പ്രസിദ്ധ് കൃഷ്ണ, അർഷ്ദീപ് സിങ്, മുകേഷ് കുമാർ, ആവേശ് ഖാൻ.