തിരുവനന്തപുരം > മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം, ആലപ്പുഴ സർക്കാർ നഴ്സിങ് കോളേജുകളിൽ പുതിയ പിജി കോഴ്സുകൾ ആരംഭിക്കുന്നത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. 2023- 24 അധ്യയന വർഷം മുതൽ എംഎസ്സി മെന്റൽ ഹെൽത്ത് നഴ്സിങ് കോഴ്സ് ആരംഭിക്കാൻ കഴിഞ്ഞ മന്ത്രിസഭാ യോഗം അനുമതി നൽകിയിരുന്നു. ഇതുസംബന്ധിച്ച ഔദ്യേഗിക ഉത്തരവാണ് പുറപ്പെടുവിച്ചത്.
കോളേജുകളിൽ എട്ട് വീതം സീറ്റ് ആരംഭിക്കാനാണ് ഉത്തരവായത്. കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിലെ മൂന്ന് കോളേജുകളിൽ മാത്രമാണ് നിലവിൽ ഈ കോഴ്സ് ഉണ്ടായിരുന്നത്. ഈ മൂന്ന് കോളേജുകളിലുമായി മൊത്തം 15 വിദ്യാർഥികൾക്കാണ് ഓരോ വർഷവും പ്രവേശനം. പുതിയ സീറ്റുകൾ അനുവദിച്ചതോടെ വർഷം 31 വിദ്യാർഥികൾക്ക് പ്രവേശനം നേടാനാകും.