കൊച്ചി> ആലുവയില്‍ കൊല്ലപ്പെട്ട 5 വയസുകാരിയുടെ മാതാപിതാക്കളെ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് സന്ദര്‍ശിച്ചു. ആലുവ തായിക്കാട്ടുകര ഗാരിജിനു സമീപത്തെ കുട്ടിയുടെ താമസ സ്ഥലത്തെത്തിയ മന്ത്രി കുടുംബത്തെ ആശ്വസിപ്പിച്ചു. ബിഹാര്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ താമസ സ്ഥലത്ത് തിങ്കളാഴ്ച വൈകിട്ട് ഏഴരയോടെയാണ് മന്ത്രി എത്തിയത്.
പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പരമാവധി വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി പഴുതടച്ച രീതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള ശ്രമമാണ് ഇപ്പോള്‍ പോലീസ് നടത്തുന്നത്. സര്‍ക്കാര്‍ കുട്ടിയുടെ കുടുംബത്തോടൊപ്പമാണ്. പോക്സോ ഇരകളുടെ അമ്മമാര്‍ക്കുള്ള അടിയന്തര സഹായമായി ഒരു ലക്ഷം രൂപ ബാങ്ക് അക്കൗണ്ട് വഴി കൈമാറിയിട്ടുണ്ട്.
ആലുവയിലെ ചില ഇടങ്ങളില്‍ ബ്ലാക്ക് സ്പോട്ടുകള്‍ (ഒഴിഞ്ഞ മേഖലകള്‍) ഉണ്ടെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്താനും ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് അടിയന്തര നിര്‍ദേശം നല്‍കും.
അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷന് നടപടികള്‍ കൂടുതല്‍ ശക്തമാക്കും. ഇവര്‍ക്കിടയിലെ ലഹരിയുടെ ഉപയോഗം തടയുന്നതിന് എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ വ്യാപകമാക്കും. തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ അതിഥി തൊഴിലാളികളുടെ ക്യാംപുകളിലും പരിശോധനകള്‍ ശക്തമാക്കും. കുറ്റവാസനയുള്ളവരെ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സമഗ്രമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അതിഥി തൊഴിലാളികളെ മുഴുവന്‍ കുറ്റക്കാരായി കാണേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ആലുവ തഹസില്‍ദാര്‍ സുനില്‍ മാത്യു, ജില്ലാ ലേബര്‍ ഓഫീസര്‍ പി.ജി വിനോദ് കുമാര്‍ തുടങ്ങിയവരും മന്ത്രിയ്ക്കൊപ്പം ഉണ്ടായിരുന്നു.