ആലുവ
അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ റിമാൻഡ് റിപ്പോർട്ടിൽ നടുക്കുന്ന വിവരങ്ങൾ. കുട്ടി അനുഭവിച്ചത് സമാനതകളില്ലാത്ത ക്രൂരത. കുട്ടിയെ അതിക്രൂരമായ ലെെംഗിക പീഡനത്തിനിരയാക്കി. നിലവിളിച്ചപ്പോൾ വാപൊത്തി അതിക്രമം തുടർന്നു. കുഞ്ഞിന്റെ ഉടുപ്പ് ഉപയോഗിച്ച് കഴുത്തുമുറുക്കി കൊന്നു. മൃതദേഹം ചെളിയിൽ താഴ്ത്തി. പുറത്ത് മൂന്ന് കല്ലെടുത്തുവച്ചു, ദേഹത്ത് മാലിന്യവും വിതറി. സംഭവസമയം പ്രതി മദ്യലഹരിയിലായിരുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്.
പ്രതി അസ്ഫാക് ആലമിനെ 14 ദിവസത്തേക്കാണ് ആലുവ ഒന്നാംക്ലാസ് കോടതി മജിസ്ട്രേട്ട് ലതിക മോഹൻ റിമാൻഡ് ചെയ്തത്. ബലാത്സംഗം, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, തെളിവുനശിപ്പിക്കൽ എന്നിവയ്ക്കുപുറമെ പോക്സോ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കേസ് പരിഗണിക്കുക എറണാകുളം പോക്സോ കോടതിയാണ്.
പ്രതിയെ വിശദമായി ചോദ്യംചെയ്യാൻ പൊലീസ് ഏഴുദിവസത്തേക്ക് കസ്റ്റഡിയിൽ ആവശ്യപ്പെട്ടു. തിങ്കളാഴ്ച അപേക്ഷ പരിഗണിക്കും. വെള്ളി വൈകിട്ട് 5.30നുമുമ്പാണ് കൊല നടന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുട്ടിയുമായി അസ്ഫാക് ആലുവ മാർക്കറ്റിലേക്ക് പോകുന്നതും കുട്ടിയില്ലാതെ തിരിച്ചുവരുന്നതും അടക്കമുള്ള ദൃശ്യങ്ങൾ ലഭിച്ചിരുന്നു. പ്രതി ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽപേർക്ക് പങ്കുണ്ടോയെന്നത് വിശദമായ ചോദ്യംചെയ്യലിൽ വ്യക്തമാകും. കൂടുതൽ സാക്ഷിമൊഴികളും തെളിവുകളും ശേഖരിക്കുന്നതിന്റെ ഭാഗമായി തിരിച്ചറിയൽ പരേഡ് നടത്തും. പ്രതിയെ തിരിച്ചറിയുന്നവരെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തും. പ്രതി ബിഹാർ സ്വദേശിയാണെന്ന് സ്ഥിരീകരിച്ചു. കുടുംബം ബിഹാറിലുണ്ട്. ക്രിമിനൽ പശ്ചാത്തലം ഉൾപ്പെടെ മനസ്സിലാക്കാൻ അന്വേഷകസംഘം ബിഹാറിലേക്ക് പോകും. പ്രതിക്ക് താമസസൗകര്യം ഒരുക്കിയ അസം സ്വദേശി ഗുൽജാർ ഹുസൈനെ ചോദ്യംചെയ്ത് വിട്ടയച്ചു.
വെള്ളി പകൽ മൂന്നിനാണ് അസ്ഫാക് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. രാത്രി 7.10ന് അമ്മ ആലുവ ഈസ്റ്റ് പൊലീസിൽ പരാതി നൽകി. രാത്രി പത്തോടെ അസ്ഫാക്കിനെ കസ്റ്റഡിയിലെടുത്തു. അപ്പോൾ മദ്യലഹരിയിലായിരുന്നു. വിശദമായ ചോദ്യംചെയ്യലിൽ കുട്ടിയെ കൊന്നെന്ന് വെളിപ്പെടുത്തി. അസ്ഫാക്കിനെ ആലുവ സബ് ജയിലിലേക്ക് മാറ്റി.