എടക്കര
ഭർത്താവിന്റെ ക്രൂരമർദനത്തെ തുടർന്ന് നാടുവിട്ട് ഭിക്ഷാടന മാഫിയയുടെ വലയിലകപ്പെട്ട ആദിവാസി സ്ത്രീയേയും രണ്ട് മക്കളേയും കോയമ്പത്തൂരിലെത്തി പോത്തുകല്ല് പൊലീസ് രക്ഷിച്ചു. പോത്തുകല്ല് കുനിപ്പാല ആദിവാസി കോളനിയിലെ സോമന്റെ ഭാര്യ മിനി (43), മക്കളായ രമേശ് (13), രഞ്ജിത്ത് (9) എന്നിവരെയാണ് രക്ഷിച്ചത്.
മിനിയുടെ വീട് സ്ഥിതിചെയ്യുന്ന എടക്കര മലച്ചി ആദിവാസി കോളനിയിൽനിന്ന് 2021 ഏപ്രിലിലാണ് മിനിയെയും രണ്ട് മക്കളേയും കാണാതായത്. മിനിയുടെ ഭർത്താവ് സോമൻ മദ്യലഹരിയിൽ നിരന്തരം മർദിക്കുമായിരുന്നു. സോമൻ ക്രിമിനൽ കേസുകളിൽ പ്രതിയായി ജയിലിൽ കിടന്നിട്ടുണ്ട്. 2021 ആഗസ്തിൽ പോത്തുകല്ല് പൊലീസ് എഫ്ഐആർ രജിസ്റ്റർചെയ്തു. ഒരുവർഷംമുമ്പ് മിനിയേയും മക്കളേയും കോയമ്പത്തൂർ ബസ് സ്റ്റാന്ഡിൽ കണ്ടതായി കുനിപ്പാല സ്വദേശി ഫോട്ടോ സഹിതം പൊലീസിൽ അറിയിച്ചിരുന്നു. തുടർന്ന് തമിഴ്നാട് പൊലീസുമായി ചേർന്ന് അന്വേഷണം നടത്തി. കോയമ്പത്തൂർ ഉക്കട ബ്രിഡ്ജിനുതാഴെയായിരുന്നു താമസം.
ഭിക്ഷാടനം നടത്തിയായിരുന്നു ഉപജീവനം. ശനിയാഴ്ചയാണ് പൊലീസ് ഇവരെ കണ്ടെത്തി പോത്തുകല്ല് സ്റ്റേഷനിൽ എത്തിച്ചത്. വിവരമറിഞ്ഞ് ഭർത്താവ് സോമനും സ്റ്റേഷനിലെത്തി. സോമനൊപ്പം പോകാൻ തയ്യാറല്ലെന്ന് മിനിയും മക്കളും പൊലീസിനോട് പറഞ്ഞു. ഇവരെ തിരൂർ മജിസ്ട്രേട്ടുമുമ്പാകെ ഹാജരാക്കി. രണ്ട് മക്കളുടെ തുടർ കാര്യങ്ങൾ സിഡബ്ല്യുസി തീരുമാനിക്കും. പോത്തുകല്ല് ഇൻസ്പെക്ടർ ശ്രീകുമാറിന്റെ മേൽനോട്ടത്തിൽ എസ്ഐ സോമൻ, സീനിയർ സിപിഒ രാജേഷ്, സിപിഒ അഖിൽ, കൃഷ്ണദാസ് എന്നിവരാണ് അന്വേഷക സംഘത്തിലുണ്ടായിരുന്നത്.