ചെന്നൈ > ഡിഎംകെയെ രാജവംശ പാർട്ടിയെന്ന് വിളിച്ച ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ തമിഴ്നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിൻ. മകൻ ജയ് ഷാ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) സെക്രട്ടറി സ്ഥാനത്ത് എത്തിയതിന്റെ യോഗ്യതയെ ട്രോളിക്കൊണ്ടായിരുന്നു ഉദയാനിധിയുടെ കമന്റ്. തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചാണ് താൻ എംഎൽഎയായതെന്നും തുടർന്നാണ് മന്ത്രിയായതെന്നും സ്റ്റാലിൻ പറഞ്ഞു. ചെന്നൈയിൽ ഡിഎംകെ യുവജന വിഭാഗത്തിന്റെ പുതിയ ഭാരവാഹികളെ അഭിസംബോധന ചെയ്യുകയായിരുന്നു ഉദയാനിധി.
“ഞങ്ങളുടെ പാർട്ടി നേതാക്കൾ എന്നെ മുഖ്യമന്ത്രിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അമിത് ഷാ പറഞ്ഞു. പക്ഷേ, എനിക്ക് അമിത് ഷായോട് ചോദിക്കണം, നിങ്ങളുടെ മകൻ എങ്ങനെ ബിസിസിഐ സെക്രട്ടറിയായി?, ജയ് ഷാ എത്ര ക്രിക്കറ്റ് മത്സരങ്ങൾ കളിച്ചു, എത്ര റൺസ് നേടി?” – ഉദയാനിധി ചോദിച്ചു.
വെള്ളിയാഴ്ച രാമേശ്വരത്ത് സംസ്ഥാന ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈയുടെ പദയാത്ര ഫ്ലാഗ് ഓഫ് ചെയ്തപ്പോഴാണ് അമിത് ഷാ രാജവംശ രാഷ്ട്രീയത്തെ കുറിച്ച് പരാമർശിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഡിഎംകെ സഖ്യകക്ഷികളും രാജവംശ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുകയാണെന്നും ഡിഎംകെയെ രാജവംശ പാർട്ടിയെന്നും ഷാ ആരോപിച്ചിരുന്നു.