ഗതകാല സ്വപ്നങ്ങളുടെ മയക്കത്തിൽനിന്ന് ഉണരുകയാണ് ആലപ്പുഴ. ഒരിക്കൽ ലോകം കീഴടക്കിയ കിഴക്കിന്റെ വെനീസ് പോയകാലത്തിന്റെ സുവർണശോഭ വീണ്ടെടുക്കാനുള്ള ഒരുക്കത്തിലാണ്. ‘ആലപ്പുഴ പൈതൃകപദ്ധതി’ ആ വീണ്ടെടുക്കലിന്റെ തുടക്കമാണ്. 2018ൽ അന്നത്തെ എൽഡിഎഫ് സർക്കാരാണ് ആലപ്പുഴയുടെ പുനർസൃഷ്ടിക്കുള്ള നൂതനപദ്ധതിക്ക് തുടക്കംകുറിച്ചത്. 21 മ്യൂസിയം, 11 സ്മാരകം, അഞ്ച് പൊതുഇടങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് പൈതൃകപദ്ധതി. കിഫ്ബിയുടെ 162 കോടി, ടൂറിസം വകുപ്പിൻെറ 35 കോടി, കയർ വകുപ്പിന്റെ 10 കോടി, തുറമുഖ വകുപ്പിൻെറ 1. 25 കോടി അടക്കം 208.25 കോടിരൂപ അടങ്കൽ വരുന്നതാണ് പദ്ധതി. ആലപ്പുഴയുടെ ഗതകാല സ്മരണകൾ നിലനിർത്തിയും പോയകാലത്തിന്റെ സുവർണശോഭ വീണ്ടെടുത്തും ഭൂതകാല ആലപ്പുഴയെ ഭാവിതലമുറയ്ക്കു പരിചയപ്പെടുത്താൻ പദ്ധതി ലക്ഷ്യംവയ്ക്കുന്നു.
അന്നൊരു കാലം
1816–-1820. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കു കീഴിൽ ലഫ്റ്റനന്റ് കേണൽമാരായിരുന്ന ബെഞ്ചമിൻ സ്വെയ്ൻ വാർഘ്, പിയർ അയർ കോൺ എന്നിവർ ആലപ്പുഴയെക്കുറിച്ചു തയ്യാറാക്കിയ കുറിപ്പിൽ ഇങ്ങനെ എഴുതി:
‘‘ആലപ്പി (ആലപ്പുഴ) കടൽത്തീരത്തിനും നെല്ലുവിളയുന്ന മണൽപ്പരപ്പിനും ഇടയ്ക്ക് തിരുവിതാംകൂർ രാജ്യത്തെ ഒന്നാം തുറമുഖം. തടിഡിപ്പോ, കുരുമുളക് തുടങ്ങിയവയുടെ പണ്ടകശാലകൾ. തുറമുഖം ബ്രിട്ടീഷുകാരനായ വാണിജ്യ റസിഡന്റിന്റെ കീഴിൽ. മുപ്പതുവർഷംമുമ്പ് ശൂന്യതയിൽനിന്നു തുടക്കം. പാഴ്പുല്ലുകളും പാമ്പുകളും മറ്റ് ഇഴജന്തുക്കളും നിറഞ്ഞ കുഗ്രാമം. ഇപ്പോൾ ഏറ്റവും ജനവാസമുള്ള പ്രദേശം. വലിയ കച്ചവടകേന്ദ്രം. നഗരം കടൽത്തീരത്തുള്ള കസ്റ്റംസ് ഹൗസ് മുതൽ കിഴക്കോട്ട് ഒന്നേമുക്കാൽ മൈൽ അകലെവരെ നീണ്ടുകിടക്കുന്നു. നഗരമധ്യത്തിൽ 40 അടി വീതിയുള്ള മഹത്തായ തോട്. ഈ തോട് വന്നുചേരുന്നത് കടലിനടുത്ത് നൗകാശയത്തിനു സമീപം. കിഴക്ക് മലമുകളിൽനിന്നു തടി അവിടംവരെ ഒഴുക്കിക്കൊണ്ടുവരാനും ഉൾനാടുകളിൽനിന്ന് ഉൽപ്പന്നങ്ങൾ അനേകം വഞ്ചികളിൽ അനുദിനം എത്തിക്കാനും ഏറെ സൗകര്യം. എല്ലാവർഷവും മഴ വരുംമുമ്പ് തോട് വൃത്തിയാക്കും. തോടിനുകുറുകെ ഇടവിട്ട് 1/3 മൈൽ അകലത്തിൽ ആറു പാലങ്ങൾ…’’
ശ്രീ ജെയിൻ ശ്വേതാംബർ ക്ഷേത്രം
‘കിഴക്കിന്റെ വെനീസ് ’
പ്രാചീന ശിലായുഗത്തിലേതെന്നു കരുതുന്ന ചില ചരിത്രാവശിഷ്ടങ്ങൾ ചേർത്തല താലൂക്കിൽനിന്നു കണ്ടെടുത്തിരുന്നു. ഇവയുടെ കാലനിർണയമാണ് ആലപ്പുഴയുടെ ചരിത്രത്തിലേക്കു വെളിച്ചം വീശുന്ന വിലയേറിയ വിവരങ്ങൾ ലഭ്യമാക്കിയത്. അക്കാലത്ത് അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിൽപ്പെട്ട പ്രദേശങ്ങൾ കടലിനടിയിലായിരുന്നുവെന്നാണ് കണ്ടെത്തൽ. പിൽക്കാലത്ത് കടൽമാറി കര തെളിഞ്ഞു.
സംഘകാലത്തേക്ക് എത്തുമ്പോഴേക്കും കുട്ടനാട് എന്ന പ്രസിദ്ധമായ പ്രദേശത്തിന്റെ ആവിർഭാവവും ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടു. കുട്ടനാടിന്റെ ഭാഗമായിരിക്കുകയും കടലുമായി ചേർന്നുകിടക്കുകയും ചെയ്ത പുറക്കാടിനെപ്പറ്റി എ ഡി രണ്ടാം നൂറ്റാണ്ടിൽ കേരളത്തിൽ എത്തിയ ഈജിപ്ഷ്യൻ സഞ്ചാരി ക്ലോഡിസ് ടോളമിയുടെ യാത്രാവിവരണത്തിൽ സൂചനയുണ്ട്. പതിനാലാം നൂറ്റാണ്ടിൽ എഴുതപ്പെട്ടു എന്നു കരുതുന്ന ‘ഉണ്ണുനീലി സന്ദേശ’ത്തിലും അമ്പലപ്പുഴ ആസ്ഥാനമായി നിലനിന്ന ചെമ്പകശേരി രാജ്യത്തിലെ അവസാനരാജാവ് പൂരാടം തിരുന്നാൾ ദേവനാരായണന്റെ ഭഗവത്ഗീതയുടെ വ്യാഖ്യാനം ‘വേദാന്ത രത്നമാല’യിലും ആലപ്പുഴയെക്കുറിച്ച് വിവരണം കാണാം.
എ ഡി ഒന്നാംനൂറ്റാണ്ടു മുതൽതന്നെ ആലപ്പുഴയിൽ ക്രിസ്തുമതം പ്രചരിച്ചിരുന്നു എന്നും കരുതുന്നു. ഇന്നത്തെ ചേർത്തല താലൂക്കിൽപ്പെടുന്ന കൊക്കോതമംഗലത്തെ പള്ളി സെന്റ് തോമസ് പുണ്യവാളൻ സ്ഥാപിച്ചതാണെന്നു കരുതുന്നു. യേശുവിന്റെ 12 ശിഷ്യരിൽ പ്രധാനിയായ സെന്റ് തോമസ് ദക്ഷിണേന്ത്യയിൽ സ്ഥാപിച്ച ഏഴ് പള്ളികളിൽ ഒന്നാണിതെന്ന് അനുമാനം. എ ഡി ഒമ്പതാം നൂറ്റാണ്ടുമുതൽ 12–-ാം നൂറ്റാണ്ടുവരെ ഭരിച്ച ചേരരാജാക്കന്മാരുടെ കാലത്ത് ആലപ്പുഴയുടെ മാഹാത്മ്യം വിദേശരാജ്യങ്ങളിൽപ്പോലും എത്തി. ശക്തിഭദ്രൻ രചിച്ച സംസ്കൃതനാടകം ‘ആശ്ചര്യ ചൂഢാമണി’യിൽ ഇതിന്റെ സൂചനകൾ ലഭ്യം.
പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനം പോർച്ചുഗീസുകാരുടെ വരവോടെ പുറക്കാട്, അർത്തുങ്കൽ എന്നിവിടങ്ങളിലും ക്രൈസ്തവ ദേവാലയങ്ങൾ സ്ഥാപിച്ചു. 17–-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ അവസാന ചെമ്പകശേരി രാജാവ് ദേവനാരായണന്റെ കാലത്തുതന്നെയാണ് പ്രസിദ്ധമായ അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രം സ്ഥാപിതമാകുന്നത്. തുഞ്ചത്ത് എഴുത്തച്ഛൻ, മേൽപ്പത്തൂർ നാരായണഭട്ടതിരി, നീലകണ്ഠ ദീക്ഷിതർ തുടങ്ങിയവർ ദേവനാരായണന്റെ രാജസദസ്സിന് അലങ്കാരമേകി. ഈ സദസ്സിനെ ധന്യമാക്കിയ മഹദ് വ്യക്തിത്വമായിരുന്നു മഹാകവി കലക്കത്ത് കുഞ്ചൻനമ്പ്യാർ. അന്നത്തെ അമ്പലപ്പുഴ രാജാവിന്റെ ഭരണത്തിൽകീഴിലായിരുന്ന ചെമ്പകശേരി രാജ്യത്തിന്റെ ഭാഗമായിരുന്നു ആലപ്പുഴ. മാർത്താണ്ഡവർമയുടെ പടയോട്ടത്തിൽ ചെമ്പകശേരി രാജ്യം തോൽവി സമ്മതിച്ചു. ഇതോടെ ആലപ്പുഴ ഉൾപ്പെടുന്ന ചെമ്പകശേരി തിരുവിതാംകൂറിന്റെ ഭാഗമായി. പ്രാചീനകാലം മുതൽക്കേ പേർഷ്യ, അറേബ്യ, ചൈന തുടങ്ങിയ നാടുകളുമായി ആലപ്പുഴയ്ക്ക് വാണിജ്യബന്ധം ഉണ്ടായിരുന്നു. വടക്കൻ ഇറ്റലിയിലെ പ്രശസ്തമായ വെനീസ് നഗരത്തിലേതുപോലെ, തോടുകളും കനാലുകളും അവയ്ക്കു മീതെ എണ്ണമറ്റ പാലങ്ങളും ഉള്ളതിനാൽ, ആലപ്പുഴയ്ക്ക് ‘കിഴക്കിൻെറ വെനീസ്’ എന്ന അപരനാമവും പിൽക്കാലത്ത് സിദ്ധിച്ചു.
പോർച്ചുഗീസ് ശക്തി ക്ഷയിക്കുന്നു
എ ഡി 17–-ാം നൂറ്റാണ്ടിൽ എത്തുമ്പോൾ അതുവരെ ഇവിടെ ആധിപത്യം സ്ഥാപിച്ചിരുന്ന പറങ്കികളുടെ അഥവാ പോർച്ചുഗീസിന്റെ ശക്തി ക്ഷയിച്ചു. ആ സ്ഥാനത്ത് ഡച്ചുകാർ സ്ഥാനമുറപ്പിച്ചു. കിഴക്കൻ മലയോരപ്രദേശങ്ങളിൽനിന്ന് വ്യാപകമായി ആലപ്പുഴയിൽ എത്തിച്ചിരുന്ന സുഗന്ധവ്യഞ്ജനങ്ങളായ കുരുമുളക്, ഏലം, ഇഞ്ചി, ചുക്ക്, കറുവപ്പട്ട തുടങ്ങിയവ ശേഖരിച്ചുവയ്ക്കാൻ ആലപ്പുഴയിലും പരിസരങ്ങളിലും നിരവധി ഗോഡൗണുകൾ ഡച്ചുകാരുടെ കാലത്ത് പണിതു. അനേകം ഫാക്ടറികളും അവർ സ്ഥാപിച്ചു.
ആലപ്പുഴ ലൈറ്റ് ഹൗസ്
രാജാ കേശവദാസ് വരുന്നു
മാർത്താണ്ഡവർമയുടെ പിൻഗാമിയായി തിരുവിതാംകൂറിൽ അധികാരമേറ്റ ധർമരാജ എന്നറിയപ്പെടുന്ന കാർത്തികതിരുന്നാൾ രാമവർമയുടെ (എ ഡി 1724 –- 1798) ഭരണകാലം ആലപ്പുഴയുടെ സുവർണകാലഘട്ടമായി വിലയിരുത്തുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്ത് തിരുവിതാംകൂർ ദിവാനായിരുന്ന രാജാകേശവദാസിനെ ആലപ്പുഴ പട്ടണത്തിന്റെ സമഗ്രപുരോഗതിക്കുള്ള പദ്ധതികൾ നടപ്പാക്കാൻ നിയോഗിച്ചു. ആലപ്പുഴയെ തുറമുഖപട്ടണമായി മാറ്റിയെടുത്തത് അദ്ദേഹമാണ്. കിഴക്കൻ പ്രദേശങ്ങളിൽനിന്ന് മലഞ്ചരക്കുകൾ എത്തിക്കുന്നതിന് ആലപ്പുഴ നഗരഹൃദയത്തിൽ വാണിജ്യക്കനാൽ (കൊമേഴ്സ്യൽ കനാൽ), വാടൈക്കനാൽ എന്നീ തോടുകൾ നിർമിച്ച് വേമ്പനാട് കായലിനെ കടലുമായി ബന്ധിപ്പിച്ചു. ഇരു കനാലുകളുടെയും തീരത്തും സമീപപ്രദേശങ്ങളിലുമായി നിരവധി പണ്ടകശാലകളും കച്ചവടകേന്ദ്രങ്ങളും സ്ഥാപിച്ചു. ഇക്കാരണങ്ങളാലാണ് രാജാകേശവദാസ് ആധുനിക ആലപ്പുഴയുടെ ‘ശിൽപ്പി’ എന്നറിയപ്പെടുന്നത്.
വികസന വിളംബരവുമായി ഇംഗ്ലീഷുകാർ
ഇംഗ്ലീഷുകാരുടെ വരവോടെ ആലപ്പുഴയുടെ മുഖഛായ മാറി. 19–-ാം നൂറ്റാണ്ടിൽ ആലപ്പുഴ വികസനരംഗത്ത് വൻ കുതിച്ചുചാട്ടം തന്നെ നടത്തി. 1816ൽ ചർച്ച് മിഷണറി സൊസൈറ്റി ആലപ്പുഴയിൽ കേന്ദ്രം സ്ഥാപിച്ചു. തുടർന്ന് ആദ്യത്തെ ആംഗ്ലിക്കൻ ചർച്ചും സ്ഥാപിതമായി. 1857ൽ തിരുവിതാംകൂറിലെ ആദ്യത്തെ അഞ്ചലാപ്പീസ് ആലപ്പുഴയിൽ സ്ഥാപിക്കപ്പെട്ടു. 1859ൽ ആദ്യത്തെ കയർഫാക്ടറിയും ഇംഗ്ലീഷുകാർ പണിതു –- ജയിംസ് ഡാറ സ്ഥാപിച്ച ഡാറാസ് മിൽ. പിന്നാലെയാണ് ആലപ്പുഴയിലെ പ്രസിദ്ധമായ ദീപസ്തംഭം അഥവാ ലൈറ്റ് ഹൗസ് സ്ഥാപിച്ചത്. ആ വർഷംതന്നെ കടൽപ്പാലത്തിന്റെ പണിയും പൂർത്തിയായി. നേരത്തേതന്നെ പൂർത്തിയാക്കിയ വാണിജ്യക്കനാൽ, വാടൈക്കനാൽ എന്നിവ വഴി മലഞ്ചരക്കുകൾ അടക്കം തുറമുഖത്ത് എത്തിച്ച് കടൽപ്പാലംവഴി വിദേശക്കപ്പലുകളിൽ കയറ്റി അയക്കാൻ അതോടെ വഴിതുറന്നു. ഇക്കാലമായപ്പോഴേക്കും ആലപ്പുഴ തികഞ്ഞ വാണിജ്യനഗരം എന്ന ഖ്യാതിയും നേടിയെടുത്തു.
വികസനം, കുടിയേറ്റം, ചൂഷണം
തുറമുഖനഗരം എന്നു പുകൾപ്പെറ്റതോടെ അന്യദേശങ്ങളിൽനിന്ന് ആലപ്പുഴയിലേക്ക് നാനാവിഭാഗങ്ങളിപ്പെട്ടവർ കുടിയേറി. തമിഴ്നാട്ടിൽനിന്നുള്ള റെഢ്യാർമാരുടെയും വെള്ളാളരുടെയും വരവ് ആലപ്പുഴയിലെ കച്ചവടമേഖലയ്ക്ക് പുത്തനുണർവേകി. ഇംഗ്ലീഷുകാരാകട്ടെ, കൂടുതൽ കയർഫാക്ടറികൾ സ്ഥാപിക്കുന്നതിലും ശ്രദ്ധിച്ചു. ഫാക്ടറികൾ വർധിച്ചതോടെ പുതിയ തൊഴിലവസരങ്ങളും ഉണ്ടായി. പാലക്കാട്, ചെങ്കോട്ട തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് ആലപ്പുഴയിലേക്ക് ബ്രാഹ്മണരും എത്തിത്തുടങ്ങി. അവർ കയർഫാക്ടറികളിൽ ഗുമസ്തന്മാരായി. ടൈപ്പ് റൈറ്റിങ്ങിലും ഷോർട്ട് ഹാൻഡിലും വിദഗ്ധന്മാരായിരുന്നു അവർ. ഇവർക്കുപുറമേ, ബോംബെ, ഗുജറാത്ത് തുടങ്ങിയ ദേശങ്ങളിൽനിന്നുള്ള കച്ചവടക്കാരും പ്രമാണിമാരും വന്നു. അതുവഴി പുതിയൊരു മധ്യവർഗം വളർന്നുവന്നു. അവർക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനായി ‘മഹാരാജാസ് സ്കൂൾ’ എന്ന പേരിൽ ഒരു സർക്കാർ വിദ്യാലയവും സ്വകാര്യമേഖലയിൽ രണ്ടു വിദ്യാലയങ്ങളും സ്ഥാപിക്കപ്പെട്ടു. ജസ്യൂട്ട് പുരോഹിതർ സ്ഥാപിച്ച ലിയോ തേർട്ടീന്ത് സ്കൂളും ബ്രഹ്മവിദ്യാസംഘം സ്ഥാപിച്ച സനാതനധർമ വിദ്യാലയവും ആയിരുന്നു സ്വകാര്യ സ്കൂളുകൾ. അന്നത്തെ മഹാരാജാസ് സ്കൂൾ ‘ഗവ. മൊഹമ്മദൻസ് സ്കൂൾ’ എന്ന പേരിലാണ് ഇന്നു പ്രവർത്തിക്കുന്നത്.
19–-ാം നൂറ്റാണ്ടിന് തിരശ്ശീല വീഴുമ്പോൾ ആലപ്പുഴ കയർവ്യവസായത്തിന്റെ ഈറ്റില്ലമായി. ഇംഗ്ലീഷുകാരുടെ നേതൃത്വത്തിൽ നിരവധി ഫാക്ടറികൾ വീണ്ടും സ്ഥാപിച്ചു. എന്നാൽ ഇവ പിൽക്കാലത്ത് ചൂഷണത്തിന്റെയും തൊഴിലാളി ദ്രോഹത്തിന്റെയും ഈറ്റില്ലങ്ങളായി. തൊഴിൽ മേൽനോട്ടത്തിന് നിയോഗിക്കപ്പെട്ടവർ കടുത്ത ദ്രോഹം തൊഴിലാളികൾക്കുനേരെ കാട്ടാൻ തുടങ്ങി. ചെയ്യാത്ത കുറ്റത്തിന് കടുത്ത ശിക്ഷ എന്ന സ്ഥിതി. ജോലിയിൽനിന്നു മാറ്റിനിർത്തുക, കൂലി വെട്ടിക്കുറയ്ക്കുക, പിരിച്ചുവിടുക തുടങ്ങിയ നടപടികൾ വ്യാപകമായി. ഇതിനെതിരെ ശബ്ദിക്കുന്നവരെ ഉടമകളും ശിങ്കിടികളായ ഗുണ്ടകളും മർദിച്ചവശരാക്കുന്നതും പതിവായി. ഈ അനീതിക്കെതിരായ ചെറുത്തുനിൽപ്പുകൾക്ക് തൊഴിലാളികൾ തയ്യാറായി. ഇതിൻെറ രാഷ്ട്രീയമായ രൂപപരിണാമങ്ങളാണ് തൊഴിലാളി പ്രസ്ഥാനങ്ങളുടെ രൂപീകരണത്തിനും 1938ൽ ആലപ്പുഴയിൽ നടന്ന ഐതിഹാസിക പണിമുടക്കിനും 1946 ഒക്ടോബറിൽ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിൽ നടന്ന പുന്നപ്ര–-വയലാർ വീരേതിഹാസത്തിനും വഴിമരുന്നിട്ടത്.
നഷ്ടപ്രതാപം
ഇരുപതാം നൂറ്റാണ്ടിന്റെ പിറവിയും ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ ശക്തിയും ആലപ്പുഴയുടെ മുഖഛായ മാറ്റി. 1922ൽ തിരുവിതാംകൂറിലെ ആദ്യത്തെ ട്രേഡ് യൂണിയൻ –- തിരുവിതാംകൂർ ലേബർ അസോസിയേഷൻ –- ആലപ്പുഴയിൽ സ്ഥാപിതമായി. 1928ൽ തിരുവിതാംകൂർ ചേംബർ ഓഫ് കൊമേഴ്സും തൊട്ടടുത്ത കൊല്ലം ആലപ്പുഴ ചേംബർ ഓഫ് കൊമേഴ്സും സ്ഥാപിതമായി. 1940കളിൽ കൈനകരിയിലെ ചെറുകാലികായലിൽ തിരുവിതാംകൂർ കർഷക തൊഴിലാളി യൂണിയന്റെ പിറവിയും പി കൃഷ്ണപിള്ളയുടെ സമരോജ്വലനേതൃത്വത്തിൻകീഴിൽ 1938ൽ ആലപ്പുഴയിൽ നടന്ന ഐതിഹാസിക തൊഴിലാളി പണിമുടക്കും ചരിത്രത്തിൽ സുവർണശോഭയാടെ പതിഞ്ഞുകിടക്കുന്നു. പിന്നീട് 1946 ഒക്ടോബറിൽ നടന്ന പുന്നപ്ര –- വയലാർ വിപ്ലവം ആലപ്പുഴയുടെ സ്മൃതിപഥങ്ങളിൽ ഒളിമങ്ങാത്ത ചുവന്നഓർമകൾ സമ്മാനിച്ചു..
സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം 1948ൽ തിരുവിതാംകൂറും കൊച്ചിയും ലയിച്ച് തിരു–-കൊച്ചിയായതും 1956 നവംബർ ഒന്നിന് മലബാറിനെക്കൂടി ഉൾപ്പെടുത്തി ഐക്യകേരളമായതും ആലപ്പുഴയുടെ സമരമുന്നേറ്റങ്ങളിൽ ചരിത്രം പകർന്നുനൽകിയ അത്ഭുതക്കാഴ്ചകൾ. അതേസമയം, കൊച്ചി തുറമുഖത്തിന്റെ ഉയർച്ചയും വളർച്ചയും വികാസവും ആലപ്പുഴയുടെ നഷ്ടപ്രതാപത്തിന്റെ അടയാളപ്പെടുത്തൽ കൂടിയാണ്.
ഗുജറാത്തി സ്ട്രീറ്റ്
ആലപ്പുഴയുടെ പെരുമയേറ്റിയ മറ്റൊരു കുതൂഹലമാണ് നഗരഹൃദയത്തിൽ തലയെടുപ്പോടെ സ്ഥിതിചെയ്യുന്ന ഗുജറാത്തി തെരുവ് അഥവാ ഗുജറാത്തി സ്ട്രീറ്റ്. രണ്ടു നൂറ്റാണ്ടുകൾക്കു മുമ്പ്, രാജാ കേശവദാസിൻെറ പ്രത്യേക താൽപ്പര്യപ്രകാരം ബോംബെ, ഗുജറാത്ത് ദേശങ്ങളിൽനിന്ന് കച്ചവടത്തിനായി എത്തിച്ചവരുടെ കേന്ദ്രമാണിത്. അന്ന് നാൽപ്പതോളം കുടുംബങ്ങളും ഇരുനൂറിലേറെ അംഗങ്ങളും ഉണ്ടായിരുന്ന ഊ തെരുവാണ് വാസ്തവത്തിൽ അന്നത്തെ ആലപ്പുഴയുടെ വാണിജ്യത്തെ നിയന്ത്രിച്ചിരുന്നത്. ഇവിടെനിന്ന് കപ്പൽമാർഗം അന്യദേശങ്ങളിലേക്കു കയറ്റുമതി ചെയ്തിരുന്ന സുഗന്ധവ്യഞ്ജനങ്ങളുടെ സിംഹഭാഗവും ഗുജറാത്തി തെരുവുകളിലെ കച്ചവടക്കാർ മുഖേന ഉള്ളതായിരുന്നു. കച്ച് വിഭാഗത്തിൽപ്പെട്ടവർ ജൈനർ, പാഴ്സികൾ എന്നിവരൊക്കെ ഉൾപ്പെട്ട ഇവർക്ക് നഗരത്തിൽ പ്രത്യേക ആരാധാനാലയങ്ങളും ഉണ്ടായിരുന്നു. അവയിൽ പ്രധാനം തെരുവിൽ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ശ്രീ ജെയിൻ ശ്വേതാംബർ ക്ഷേത്രമാണ്. ഇന്നുപക്ഷേ, ഗുജറാത്തി തെരുവിന്റെയും ശോഭ നഷ്ടപ്പെട്ടു. പത്തിൽ താഴെ കുടുംബങ്ങളും 25ഓളം അംഗങ്ങളും മാത്രമാണ് ഇവിടെ അവശേഷിക്കുന്നത്.
ആലപ്പുഴ ബീച്ച്
മുല്ലയ്ക്കൽ തെരുവ്
ആലപ്പുഴയിൽ ഇന്നും പ്രൗഢിക്കു കോട്ടം തട്ടാത്ത ഇടങ്ങളിലൊന്നാണ് നഗരഹൃദയത്തിലെ മുല്ലയ്ക്കൽ തെരുവ്. മുല്ലയ്ക്കൽ ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിനു മുന്നിലായി സീറോ ജങ്ഷൻ മുതൽ വടക്ക് മഞ്ജുള ബേക്കറി ജങ്ഷൻവരെ മുല്ലയ്ക്കൽ തെരുവ് പരന്നുകിടക്കുന്നു. സ്വർണം, വെള്ളി ആഭരണവ്യാപാരത്തിനും പേരുകേട്ട ഇവിടം ഇന്ന് അതിനുപുറമേ, വസ്ത്രവ്യാപാരത്തിനും പ്രസിദ്ധമാണ്.
പുരത്തോണികൾ
ഉത്തരവാദിത്വ ടൂറിസത്തിന് പുകൾപ്പെറ്റതാണ് ആലപ്പുഴ. കടലും മനോഹരമായ ബീച്ചും കായലും കുട്ടനാടിന്റെ പച്ചപ്പാർന്ന ദൃശ്യവിസ്മയവും ആലപ്പുഴയ്ക്കു സ്വന്തം. സഞ്ചാരികളുടെ ഇഷ്ടവഴികളിൽ ചേതോഹരവും വിലോഭനീയവും ഹരിതാഭവുമായ അനുഭൂതി സമ്മാനിക്കുന്നു. ബീച്ച് ടൂറിസം, കായൽ ടൂറിസം, തീർഥാടന ടൂറിസം എന്നിവയുടെയെല്ലാം ‘ഹബ്ബ്’ ആയി ആലപ്പുഴ മാറി. ഇതിനു പ്രധാനകാരണം ഇവിടുത്തെ പുരത്തോണി അഥവാ ഹൗസ്ബോട്ടുകളാണ്. ആലപ്പുഴയിലും പരിസരങ്ങളിലുമായി അഞ്ഞൂറോളം പുരത്തോണികൾ ഉണ്ടെന്നാണ് കണക്ക്. പഴയകാല കെട്ടുവള്ളങ്ങളാണ് ആദ്യനാളുകളിൽ പുരത്തോണികളായി മാറിയത്.