കൊച്ചി > ആലുവയില് ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ സംസ്കാരം ഇന്ന്. പത്ത് മണിക്ക് കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിലാണ് സംസ്കാരം നടക്കുക. മൃതദേഹം കുട്ടി പഠിച്ചിരുന്ന തായ്ക്കാട്ടുകര സ്കൂളില് പൊതുദര്ശനത്തിന് എത്തിച്ചു. നിരവധി പേർ കുട്ടിക്ക് ആദരാഞ്ജലി അർപ്പിക്കാനായി എത്തിയിട്ടുണ്ട്.
ആലുവ തായിക്കാട്ടുകരയിൽ എട്ടുവർഷമായി താമസിക്കുന്ന ബിഹാറി ദമ്പതികളുടെ നാലുമക്കളിൽ രണ്ടാമത്തെ കുട്ടിയാണ് കൊല്ലപ്പെട്ടത്. വെള്ളി രാത്രി 7.10നാണ് കുട്ടിയെ കാണാനില്ലെന്ന് അമ്മ ആലുവ ഈസ്റ്റ് പൊലീസിൽ പരാതി നൽകിയത്. അന്വേഷണത്തിൽ പ്രതി കുട്ടിയുമായി ഗ്യാരേജ് ബസ് സ്റ്റോപ്പിലേക്ക് പോകുന്ന സിസിടിവി ദൃശ്യം ലഭിച്ചു. രാത്രി പത്തോടെ കസ്റ്റഡിയിലെടുത്തു. കുട്ടിയെ കൊലപ്പെടുത്തിയത് വെള്ളിയാഴ്ച വൈകിട്ട് 5.30ഓടെ ആണെന്ന് പ്രതി അസഫാക് മൊഴി നല്കി. ഇയാൾ പോകുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. പ്രതിയെ ഇന്ന് മജിസ്ട്രേറ്റിന്റെ വീട്ടില് ഹാജരാക്കും.