തിരുവനന്തപുരം
സർക്കാർ കോളേജുകളിലെ പ്രിൻസിപ്പൽ നിയമനത്തിൽ സർക്കാർ ശ്രമിച്ചത് പരാതികൾ ഒഴിവാക്കിയുള്ള അർഹതപ്പെട്ട നിയമനം. പട്ടികയുമായി ബന്ധപ്പെട്ട് മന്ത്രി ആർ ബിന്ദുവിന് ലഭിച്ച പരാതികൾ പരിഹരിക്കാനും അർഹരുണ്ടോയെന്നും പരിശോധിക്കാനുമാണ് തീരുമാനിച്ചത്. എന്നാൽ, ഇതിനെ മാധ്യമങ്ങൾ വിവാദമാക്കി.
പ്രിൻസിപ്പൽ തെരഞ്ഞെടുപ്പ് പ്രകിയ നടന്നത് യുജിസി റെഗുലേഷൻ പ്രകാരമാണ്. നിയമനപ്രക്രിയ വകുപ്പുതല സ്ഥാനക്കയറ്റ കമ്മിറ്റി സ്വീകരിച്ച നടപടി ആയതിനാൽ തീരുമാനം സർക്കാർ അംഗീകാരത്തിന് വിധേയമാണ്. കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് റൂൾസ് പ്രകാരമാണ് ഡിപ്പാർട്ട്മെന്റൽ പ്രമോഷൻ കമ്മിറ്റി (ഡിപിസി) തീരുമാനമെടുക്കുന്നത്. റൂൾസിലെ 28–-ാം വകുപ്പിന്റെ എട്ടാം ഉപവകുപ്പ് ബിയിൽ ഏതെങ്കിലും കാരണവശാൽ ഡിപിസി കൂടിയെടുക്കുന്ന ലിസ്റ്റ് സർക്കാരിന്റെ അനുമതിക്കുവേണ്ടി സമർപ്പിക്കുമ്പോൾ പുനരവലോകനത്തിന് നിർദേശിക്കാമെന്ന് പറയുന്നുമുണ്ട്. ഇതുപ്രകാരം പരാതി പരിഹരിക്കാൻ ഡിപിസിയുടെ മുന്നിൽ പുനരവലോകനത്തിന് നൽകുകയാണ് സർക്കാർ ചെയ്തത്.
പ്രിൻസിപ്പൽ നിയമനത്തിന് കോളേജ് വിദ്യാഭ്യാസ ഡയറക്ടർക്ക് ലഭിച്ച 105 പേരുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് അഭിമുഖം നടന്നത്. 67 പേരെ യോഗ്യരായി പരിഗണിച്ചു. എന്നാൽ, പിന്നീടിത് 43 ആയി ചുരുങ്ങിയതോടെ അഭിമുഖത്തിൽ പങ്കെടുത്തവർ നേരിട്ടും വിദ്യാഭ്യാസമേഖലയിലെ സംഘടനകൾ മുഖാന്തരവും മന്ത്രിക്ക് പരാതി നൽകി. മുസ്ലിം ലീഗിന്റെ അധ്യാപക സംഘടനയായ കോൺഫെഡറേഷൻ ഓഫ് കേരള കോളേജ് ടീച്ചേഴ്സും പരാതി നൽകിയിരുന്നു. അന്വേഷണത്തിൽ പട്ടികയിലുള്ളവർക്ക് മുൻഗണനാ അടിസ്ഥാനത്തിൽ സ്ഥാനക്കയറ്റം നൽകേണ്ടതിന് പകരം യുജിസി റെഗുലേഷന് വിരുദ്ധമായി മറ്റൊരു ടെക്നിക്കൽ കമ്മിറ്റി രൂപീകരിച്ച് പട്ടികയിൽ അഴിച്ചുപണി നടത്തിയെന്ന് സർക്കാർ കണ്ടെത്തി. എന്നാൽ, പരാതി പരിശോധിക്കുന്നതിന് മുമ്പെ ഡിപിസി ചേർന്ന് ലിസ്റ്റ് അംഗീകാരത്തിന് സർക്കാരിന് നൽകി. പരാതികൾ അന്വേഷിക്കാതെ നിയമന നടപടികളിലേക്ക് കടക്കാൻ കഴിയില്ലെന്ന നിലപാടിലാണ് സർക്കാർ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതിയെ നിയമിച്ചത്. അപേക്ഷകളുടെ വിശദപരിശോധനയിൽ 33 പേർ കൂടി യോഗ്യരാണെന്ന് കണ്ടെത്തിയതോടെയാണ് 76 പേരുടെ പട്ടിക തയ്യാറാക്കിയത്.
ഇതോടെ അധ്യാപകരിൽ ചിലർ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. നിലവിൽ ട്രിബ്യൂണലിന്റെ പരിഗണനയിലുള്ള കേസിൽ നിയമോപദേശം കിട്ടിയാൽ മാത്രമേ സർക്കാരിന് തുടർനടപടികൾ എടുക്കാൻ കഴിയുകയുള്ളു.