മലപ്പുറം
കേരളത്തിൽനിന്ന് ഇസ്രയേൽ സന്ദർശിക്കാൻപോയ സംഘത്തിലെ ഏഴുപേരെ കാണാതായതായി പരാതി. നാലുപേർ തിരുവനന്തപുരം സ്വദേശികളും മൂന്നുപേർ കൊല്ലം സ്വദേശികളുമാണ്. ഇതോടെ സംഘത്തിലെ 31 പേർ ഇസ്രയേലിൽ കുടുങ്ങിയതായി ട്രാവൽ ഏജൻസിയായ ഗ്രീൻ ഒയാസിസ് ടൂർസ് ആൻഡ് ട്രാവൽ സർവീസസ് ഉടമകൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇവരെ നാട്ടിലെത്തിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ഡിജിപി, മലപ്പുറം ജില്ലാ പൊലീസ് മേധാവി, ഇസ്രയേലിലെ ഇന്ത്യൻ എംബസി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.
ജൂലൈ 25–-നാണ് ജോർദാൻ, ഇസ്രയേൽ, ഈജിപ്ത് എന്നീ രാജ്യങ്ങൾ സന്ദർശിക്കാൻ 47 പേരുടെ സംഘം കരിപ്പൂർവഴി പുറപ്പെട്ടത്. ജോർദാൻ സന്ദർശിച്ച് ഇസ്രയേലിലേക്ക് പോകാനിരിക്കെ ട്രാവൽസ് ജീവനക്കാരനുൾപ്പെടെ ഒമ്പതുപേരുടെ വിസ നിരസിക്കപ്പെട്ടു. 38 പേർ 27ന് ഇസ്രയേലിലെത്തി. ഇതിലെ ഏഴുപേരെയാണ് ജെറുസലേമിലെ മജിദ് അൽ അഖ്സയിൽനിന്ന് കാണാതായത്.
തിരുവനന്തപുരം കുളമുട്ടം മൂങ്ങോട് നസീർ അബ്ദുൾറബ്ബ്, മിതിർമല പാകിസ്ഥാൻമുക്ക് ഷാജഹാൻ അബ്ദുൾ ഷുക്കൂർ, മണമ്പൂർ കുളമുട്ടം അഹമ്മദ് മൻസിൽ ഹക്കിം അബ്ദുൾറബ്, മൂങ്കോട് കുളമുട്ടം ഒലിപ്പിൽ ഷാജഹാൻ കിതർ മുഹമ്മദ്, കൊല്ലം അയർകുഴി പാലക്കൽ കടക്കൽ ഷഫീഖ് മൻസിൽ ബീഗം ഫാന്റസിയ, കൊല്ലം പെരുമ്പുഴ പുനുകന്നൂർ ചിറയടി സ്നേഹതീരം നവാസ് സുലൈമാൻ കുഞ്ഞ്, ഭാര്യ ബിൻസി ബദറുദ്ദീൻ എന്നിവരെയാണ് കാണാതായത്. ബാക്കിയുള്ളവർ ഹോട്ടലിൽ കുടുങ്ങി.
കാണാതായ ഓരോരുത്തർക്കും 40 ലക്ഷംവീതം നഷ്ടപരിഹാരം കെട്ടിവച്ചാലേ 31 പേരെ അവിടുന്ന് വിടുകയുള്ളൂ എന്ന നിലപാടിലാണ് ഇസ്രയേൽ ടൂർ കമ്പനി. മാർച്ചിലും തിരുവനന്തപുരം സ്വദേശികളായ നാലുപേരെ യാത്രയ്ക്കിടയിൽ ഇസ്രയേലിൽ കാണാതായിരുന്നു. കാണാതായ ഏഴുപേരും മുങ്ങിയതാകാമെന്നാണ് സംശയമെന്ന് ട്രാവൽ ഏജൻസി ഉടമകൾ പറഞ്ഞു. ഇവരെ സുലൈമാൻ (ബാങ്ക് അക്കൗണ്ടിലെ പേര് സോളമൻ) എന്നയാളാണ് ബുക്ക് ചെയ്തിരുന്നത്. ഇസ്രയേലിലേക്ക് വിസ നിരസിക്കപ്പെട്ട ഒമ്പതിൽ അഞ്ചുപേർ ശനിയാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിൽ തിരിച്ചെത്തി. നാലുപേർ ഈജിപ്തിലാണ്. തിരിച്ചെത്തിയവരും സുലൈമാൻ മുഖാന്തരമാണ് യാത്ര ബുക്ക്ചെയ്തത്. ഇസ്രയേലിലെ നിയമവിരുദ്ധ ഏജന്റുമാരുമായി സുലൈമാന് ബന്ധമുണ്ടെന്ന് സംശയിക്കുന്നു.
കാണാതായ ഏഴുപേരുടെയും പാസ്പോർട്ട് ട്രാവൽ ഏജൻസി ഗ്രൂപ്പ് ലീഡറുടെ കൈവശമുണ്ട്. പാസ്പോർട്ട് ഇല്ലെങ്കിലും ഇസ്രയേലിൽ തങ്ങാൻ സഹായിക്കുന്ന മലയാളി ലോബികളുണ്ടെന്നാണ് മനസ്സിലാക്കിയതെന്ന് ഗ്രീൻ ഒയാസിസ് ട്രാവൽസ് ചീഫ് ഓപറേറ്റിങ് ഓഫീസർ ഇർഫാൻ സൗഫൽ, എംഡി ജലീൽ മക്കരത്തൊടി, മൂസ മൂരിങ്ങോടൻ എന്നിവർ പറഞ്ഞു.