കൊച്ചി> കോ -ഓപ്പറേറ്റീവ് ഫെഡറലിസത്തില്‍ നിന്നും പീനലൈസിംഗ് (പകപോക്കൽ)ഫെഡറലിസത്തിലേക്ക് രാജ്യത്തെ മാറ്റുകയാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന് പൊതുമരാമത്ത്, ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നേരത്തെ ഇന്ത്യയില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും തമ്മില്‍ സഹകരണ മനോഭാവമാണ് ഉണ്ടായതെങ്കില്‍ ഇപ്പോള്‍ പകപോക്കല്‍ സമീപനമാണ് ഉണ്ടാകുന്നത്.
ഏതൊക്കെ സംസ്ഥാന സര്‍ക്കാരാണോ തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നത്, ആരൊക്കെയാണോ മുട്ടിലിഴയാന്‍ തയ്യാറാകുന്നത് അവര്‍ക്ക് എല്ലാ സഹായവും ചെയ്തുകൊടുക്കും. ഏതൊക്കെ സര്‍ക്കാരാണോ ഭരണഘടനാ വിരുദ്ധമായ കേന്ദ്ര നിലപാടുകള്‍ക്കെതിരെ ശബ്ദിക്കുന്നത് അത്തരം സര്‍ക്കാരുകള്‍ക്കെതിരെ പകപോക്കല്‍ സമീപനം കേന്ദ്രം സ്വീകരിക്കുന്നു. അതില്‍ നായകത്വം വഹിക്കുന്ന കേരളത്തിലെ സര്‍ക്കാരിനോടും ഇതേ സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. ഇതിന്റെ പ്രയാസം അനുഭവിക്കുന്നത് കേരളത്തിലെ ജനങ്ങളാണ്.
പൗരത്വഭേദഗതി നിയമത്തിന്റെ അപകടം ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ ആദ്യമായി ഒരു പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ചത് കേരളമാണ്. ഇതിന്റെ അപകടം ചൂണ്ടിക്കാട്ടി ഇന്ത്യയിലെ മറ്റ് മുഖ്യമന്ത്രിമാര്‍ക്ക് കേരളാമുഖ്യമന്ത്രി കത്തെഴുതി. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ശക്തമായിട്ടാണ് മതനിരപേക്ഷതയ്ക്ക് വേണ്ടി നിലകൊള്ളുന്നത്. അങ്ങനെയുള്ള കേരളത്തോട് പകപോക്കല്‍ സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. കേന്ദ്രബജറ്റില്‍ ഫണ്ട് വെട്ടിക്കുറച്ച് മുതല്‍ ഇതുവരെയുള്ള കാര്യങ്ങള്‍ ഇത് വ്യക്തമാക്കുന്നതാണ്. വായ്പാ പരിധി വെട്ടിച്ചുരുക്കി. ഗ്രാന്റിനത്തിലും വെട്ടിക്കുറവ് വരുത്തി. കേരളത്തിന് അര്‍ഹതപ്പെട്ടതെല്ലാം വെട്ടിക്കുറക്കുന്ന സ്ഥിതിയാണ്. കേരളത്തിലെ വിമാനത്താവളങ്ങളോട് അവഗണ കാട്ടുന്നു. എംയിസ് അനുവദിക്കുന്നതില്‍ അവഗണന കാട്ടുന്നു. ഇങ്ങനെ ഓരോ കാര്യത്തിലും കേന്ദ്രസര്‍ക്കാര്‍ പകപോക്കുന്ന സമീപനം സ്വീകരിക്കുമ്പോള്‍ ഇതിന്റെ പ്രയാസം അനുഭവിക്കുന്നത് കേരളത്തിലെ ജനങ്ങളാണ്.
ശക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതിന്റെയും മതനിരപേക്ഷത മുറുകെപിടിക്കുന്നതിന്റെയും ഭാഗമായി പകപോക്കാന്‍ വേണ്ടി കേന്ദ്രഭരണത്തെ ഉപയോഗിക്കുന്ന നിലയിലേക്ക് ബിജെപി സര്‍ക്കാര്‍ മാറുന്നു എന്നതാണ് പ്രധാനപ്പെട്ട പ്രശ്നമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.