ആലുവ > ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ച് വയസുകാരിക്കായി പൊലീസിന്റെ വ്യാപക തെരച്ചിൽ. ആലുവയിലും പരിസര പ്രദേശങ്ങളിലുമാണ് തെരച്ചിൽ നടക്കുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് എറണാകുളം റൂറൽ പൊലീസ് അറിയിച്ചിട്ടുണ്ട്. ആലുവ പോലീസ് സ്റ്റേഷൻ – 0484 2624006, എസ്.എച്ച്.ഒ ആലുവ – 9497987114.
ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന പെരുമ്പാവൂരിലെയും വെങ്ങാനൂരിലേയും കേന്ദ്രങ്ങളിൽ തെരച്ചിൽ നടക്കുന്നുണ്ട്. കുട്ടിയെ വിമാനത്താവളം വഴി പുറത്തേക്ക് കൊണ്ടുപോയിട്ടില്ലെന്ന് സ്ഥിരീകരിച്ചു. കുട്ടിയെ കടത്തിയതിന് പിന്നിൽ ഒരു സംഘം ആണെന്നാണ് പൊലീസിന്റെ സംശയം. കുട്ടിക്ക് ജ്യൂസ് വാങ്ങി നൽകിയാണ് തട്ടിക്കൊണ്ടുപോയത്.
സക്കീർ എന്നയാൾക്ക് കുട്ടിയെ കൈമാറിയെന്നാണ് പ്രതി അസ്ഫാഖ് ആലം പൊലീസിനോട് പറഞ്ഞത്. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് പ്രതി ഇക്കാര്യം വ്യക്തമാക്കിയത്. ബിഹാർ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസുള്ള മകൾ ചാന്ദ്നിയെയാണ് കാണാതായത്. ലഹരിയുടെ സ്വാധീനത്തിലായിരുന്ന പ്രതിയെ മണിക്കൂറുകളായി പൊലീസ് ചോദ്യം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ലഹരിയുടെ പിടിയിൽ നിന്ന് മോചിതനായതോടെയാണ് പ്രതിയിൽ നിന്ന് വിവരം ലഭിച്ചത്. നേരത്തെ ബിഹാർ സ്വദേശിയാണെന്ന് പറഞ്ഞിരുന്നു ഇയാൾ അസം സ്വദേശിയാണെന്ന് വ്യക്തമായിട്ടുണ്ട്.